Advertisement

‘ജെഎൻയു കമ്മ്യൂണിസ്റ്റുകളുടെ താവളം’; അക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിന്ദു രക്ഷാ ദൾ

January 7, 2020
Google News 2 minutes Read

ന്യൂഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നടന്ന അക്രമത്തിൻ്റെ ഉത്തരവാദിത്തം ഹിന്ദു രക്ഷാ ദൾ ഏറ്റെടുത്തു. സർവകലാശാലയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും തങ്ങൾക്ക് അത് അംഗീകരിക്കാൻ കഴിയാത്തതു കൊണ്ടാണ് അക്രമം നടത്തിയതെന്നും അവർ പറഞ്ഞു.

ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അക്രമത്തിൻ്റെ ഉത്തരവാദിത്തം ഹിന്ദു രക്ഷാ ദൾ ഏറ്റെടുത്തത്. സംഘടനയുടെ നേതാവായ ഭൂപേന്ദ്ര തൊമാർ അഥവാ പിങ്കി ചൗധരിയാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

“ജെഎൻയു കമ്മ്യൂണിസ്റ്റുകളുടെ താവളമാണ്. അത്തരം താവളങ്ങൾ പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾക്ക് കഴിയില്ല. നമ്മുടെ രാജ്യത്തെയും മതത്തിനെയും അവർ അധിക്ഷേപിക്കുന്നു. നമ്മുടെ മതത്തിനു നേർക്കുള്ള അവരുടെ സമീപനം ദേശവിരുദ്ധമാണ്. ഭാവിയിലും ഏതെങ്കിലും സർവകലാശാലകളിൽ ഇത്തരം ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുകയാണെങ്കിൽ അവിടെയും ഞങ്ങൾ ഇതേ സമീപനം സ്വീകരിക്കും.”- ഭൂപേന്ദ്ര തൊമാർ വീഡിയോയിലൂടെ പറഞ്ഞു.

“അവർ നമ്മുടെ രാജ്യത്ത് ജീവിക്കുന്നു, ഇവിടെ നിന്ന് ഭക്ഷണം കഴിക്കുന്നു, വിദ്യാഭ്യാസം നേടി ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നു. ജെഎൻയുവിൽ അക്രമം നടത്തിയവരെല്ലാം ഞങ്ങളുടെ പ്രവർത്തകരാണ്. രാജ്യത്തിനു വേണ്ടി ജീവൻ വെടിയാനും ഞങ്ങൾ തയ്യാറാണ്.”- തൊമാർ പറയുന്നു.

മുഖംമൂടിധാരികളായ നൂറോളം ആളുകളാണ് അഞ്ചാം തിയതി ജെഎൻയുവിൽ അക്രമം നടത്തിയത്. വിദ്യാർത്ഥികളെ ക്രൂരമായി ആക്രമിച്ച അവർ അധ്യാപകരെയും വെറുതെ വിട്ടില്ല. അക്രമത്തിൽ ഒരു അധ്യാപികയുടെ തലക്ക് മാരകമായി പരിക്കേറ്റു.

സർവകലാശാലയിലെ വിദ്യാർത്ഥികളുടെ ഹോസ്റ്റലുകളായ സബർമതി, മഹി മാന്ദ്വി, പെരിയാർ തുടങ്ങിയവക്ക് നേരെയാണ് വൈകീട്ട് ഏഴ് മണിയോടെ ആക്രമണമുണ്ടായത്.

വടികളും ചുറ്റികയും മറ്റ് മാരകായുധങ്ങളുമായി  അക്രമി സംഘം ഹോസ്റ്റലുകളിലേക്ക് അതിക്രമിച്ച് കയറി വന്ന് മർദിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥികൾ പറയുന്നു. സബർമതി ഹോസ്റ്റൽ അടിച്ച് തകർത്തു. നിർത്തിയിട്ട വാഹനങ്ങൾ തകർക്കുകയും ഹോസ്റ്റലുകൾക്ക് നേരെ കല്ലെറിയുകയുമുണ്ടായി.

ഹോസ്റ്റൽ ഫീസ് വർധന വിഷയമാക്കി വിദ്യാർത്ഥികൾ തമ്മിൽ നേരത്തെ തന്നെ പ്രശ്‌നമുണ്ടായിരുന്നു.

Story Highlights: JNU, Hindu Raksha Dal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here