Advertisement

നിര്‍ഭയ മരിക്കുന്നില്ല…

January 7, 2020
Google News 1 minute Read

പി പി ജെയിംസ്

നിര്‍ഭയ ഒരു പ്രതീകമാണ്. കൊടിയ പീഡനങ്ങള്‍ക്കും കൂട്ടബലാത്സംഗത്തിനും ഇരയായിട്ടും അവസാനശ്വാസം വരെ ജീവന്‍ നിലനിര്‍ത്താന്‍ പൊരുതിയവള്‍. ഏതു പ്രതിസന്ധിയെയും അതിജീവിക്കാനുള്ള പെണ്‍കരുത്തിന്റെ ആള്‍രൂപം. വേദനകൊണ്ട് പുളയുമ്പോഴും അവള്‍ സഫ്ദര്‍ജംഗിലെ ഡോക്ടര്‍മാരോട് പ്രതീക്ഷയോടെ ചോദിച്ചു ” എന്നെ രക്ഷിക്കാനാവുമോ…?” രാജ്യത്തിന്റെ മുഴുവന്‍ പ്രാര്‍ത്ഥനകള്‍ക്കും അവളെ രക്ഷിക്കാനായില്ല.

വൈകിയാണെങ്കിലും നീതി നടപ്പാക്കപ്പെടുകയാണ്. നിര്‍ഭയയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ നാലുപേരെ ജനുവരി 22 ന് തൂക്കിക്കൊല്ലും. 2013 ല്‍ പ്രഖ്യാപിച്ച വധശിക്ഷ ഒടുവില്‍ നടപ്പിലാകാന്‍ ഏഴ് വര്‍ഷം കാത്തിരിക്കേണ്ടിവന്നു. ഇന്ത്യയുടെ നിയമ വ്യവസ്ഥയും ജുഡീഷ്യല്‍ സംവിധാനവും വീണ്ടുവിചാരത്തിന് തയാറാവേണ്ട അവസ്ഥ. ‘ വൈകിയെത്തുന്ന നീതി, നിഷേധിക്കപ്പെടുന്ന നീതിക്ക് തുല്യമാണ്’ എന്ന ആപ്തവാക്യം ഓര്‍മിക്കുക.

നിര്‍ഭയയ്ക്കുശേഷം എത്ര പെണ്‍കുട്ടികളാണ് നമ്മുടെ രാജ്യത്ത് പീഡനത്തിനും കൊലപാതകത്തിനും ഇരയായത്. അടുത്തിടെ ഹൈദരാബാദില്‍ വെറ്റനറി ഡോക്ടറെ പീഡിപ്പിച്ചുകൊന്ന നാലു പ്രതികളെ പൊലീസ് വെടിവച്ചിട്ടപ്പോള്‍ ആഹ്ലാദപ്രകടനം നടന്നത് വെറുതെയല്ല. നീതിന്യായ സംവിധാനത്തില്‍ വിശ്വാസം നഷ്ടപ്പെടുന്ന ഒരു ജനതയുടെ പൊട്ടിത്തെറിയായി ഇതിനു വ്യാഖ്യാനമുണ്ടായി. ഈ വധശിക്ഷ നേരത്തെ നടപ്പിലാക്കിയിരുന്നെങ്കില്‍ ഇത്തരം വികാര പ്രകടനങ്ങള്‍ ഉണ്ടാവുമായിരുന്നില്ല എന്ന് കരുതുന്നവരുണ്ട്.

ലോകത്തിനു മുന്‍പില്‍ ഇന്ത്യ നാണിച്ചു തലകുനിക്കേണ്ടിവന്നു നിര്‍ഭയകേസില്‍. എന്നാല്‍, മകളുടെ പേര് പുറത്തുവിട്ട് നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് ചുക്കാന്‍ പിടിച്ച ആശാദേവി എന്ന അമ്മയെ മറക്കാനാവില്ല. കുറ്റവാളികളെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരാന്‍ ആ അമ്മ നടത്തിയ പോരാട്ടത്തിന് സമാനതകളില്ല. ഒരു രാജ്യം മുഴുവന്‍ അവരോടൊപ്പം നിന്നു. തന്റെ മകള്‍ക്ക് ഒടുവില്‍ നീതി കിട്ടുമ്പോള്‍ ഈ വിധി രാജ്യത്തെ മുഴുന്‍ പെണ്‍കുട്ടികള്‍ക്കും ആത്മവീര്യം പകരുമെന്നാണ് അവര്‍ ആശ്വസിച്ചത്. മരണാനന്തരം ധീരതയ്ക്കുള്ള അന്താരാഷ്ട്ര സമ്മാനം തേടിയെത്തിയ ഭയമില്ലാത്തവളുടെ ( നിര്‍ഭയ) ധീരയായ അമ്മ.

ട്രെയിനില്‍ പീഡനത്തിന് ഇരയായി കൊലചെയ്യപ്പെട്ട സൗമ്യയുടെ കേസില്‍ പ്രതി ഗോവിന്ദചാമി രക്ഷപ്പെട്ടതിന്റെ ഞെട്ടലില്‍ നിന്ന് ഇന്നും മലയാളക്കര മോചിതമായിട്ടില്ല. അതുകൊണ്ടുതന്നെ ഈ മരണവാറന്റ് നല്‍കുന്ന ആശ്വാസം ചെറുതല്ല.

തൂക്കികൊലയ്ക്കു പകരം ജീവിതം നരകിച്ച് മരിക്കുന്ന ജീവപര്യന്തം മതിയായിരുന്നു എന്ന് വാദിക്കുന്നവരുണ്ട്. എന്നാല്‍ നീതിക്കുവേണ്ടി കരഞ്ഞു കലങ്ങിയവരുടെ ആവശ്യത്തിനു മുന്നില്‍ മുഖം തിരിക്കാനാവുമോ…? സ്വാതന്ത്ര സമര കാലഘട്ടത്തെ അനുസ്മരിച്ച് ഇന്ത്യയുടെ ആത്മാവ് ഉണര്‍ന്നെഴുന്നേറ്റതിന്റെ സൂചനകള്‍ കൂടി നിര്‍ഭയ സംഭവത്തില്‍ കണ്ടു. നിരോധനാജ്ഞ ലംഘിച്ച് പതിനായിരങ്ങള്‍ രാഷ്ട്രപതി ഭവനിലേക്ക് വരെ ഇരച്ചു കയറിയത് ചരിത്ര സംഭവമായിരുന്നു. നിര്‍ഭയയുടെ പേരില്‍ രാജ്യത്തെ സമാധാനിപ്പിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യേണ്ടിവന്നു.

നിര്‍ഭയ മരിക്കുന്നില്ല, കാമ്പസുകളില്‍ പോരാട്ടത്തിനിറങ്ങുന്ന അസംഖ്യം പെണ്‍കുട്ടികളിലൂടെ അവള്‍ ഇപ്പോഴും ജീവിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here