ഉത്തര കൊറിയയുമായി കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തയാറാണ്; ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍

ഉത്തര കൊറിയയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍. ഇതിനായി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ്ങ് ഉന്നുമായി കൂടിക്കാഴ്ച നടത്താന്‍ തയാറാണെന്നും മൂണ്‍ ജേ ഇന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഉത്തര കൊറിയയുമായി കാര്യമായി ചര്‍ച്ചകള്‍ നടക്കാത്തതില്‍ വിഷമമുണ്ടെന്ന് പുതുവര്‍ഷത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് മൂണ്‍ ജേ ഇന്‍ പറഞ്ഞു.
ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ്ങ് ഉന്നുമായി പുതിയ ചര്‍ച്ചകള്‍ക്ക് ആഹ്വാനം ചെയ്ത മൂണ്‍ ജേ ഇന്‍ അമേരിക്കയ്ക്കും ഉത്തര കൊറിയയ്ക്കുമിടയിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമം നടത്തുമെന്നും പ്രസംഗത്തില്‍ പറഞ്ഞു. ഇരു കൊറിയകള്‍ക്കുമിടയിലുള്ള ബന്ധം ഏത് വിധേയനയും മെച്ചപ്പെടുത്താന്‍ പ്രായോഗികമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ഉത്തര കൊറിയയുമായി നിരന്തരം, വിശ്രമമില്ലാതെ ചര്‍ച്ച നടത്താന്‍ താന്‍ തയ്യാറാണെന്നും മൂണ്‍ ജേ ഇന്‍ വ്യക്തമാക്കി. അമേരിക്കയും ഉത്തര കൊറിയയും തമ്മിലുള്ള ചര്‍ച്ചകള്‍ സുഗമമായി തുടരേണ്ടതുണ്ടെന്നും ഏതെങ്കിലും തരത്തിലുള്ള പ്രകോപനങ്ങളോ ഭീഷണികളോ ഇരുരാജ്യങ്ങളെയും സഹായിക്കില്ലെന്നും മൂണ്‍ ജേ ഇന്‍ പറഞ്ഞു. അന്താരാഷ്ട്രതലത്തിലുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനെ ആശ്രയിച്ചിരിക്കും കൊറിയന്‍ ഉപദ്വീപിന്റെ പുരോഗതി. എന്നാല്‍ പരസ്പര സഹകരണത്തിലൂടെ ഇരു കൊറിയകള്‍ക്കും പുരോഗതി നേടാനാകുമെന്നും മൂണ്‍ ജേ ഇന്‍ കൂട്ടിച്ചേര്‍ത്തു.
ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ചര്‍ച്ചകള്‍ പുനഃരാരംഭിക്കണമെന്ന ദക്ഷിണ കൊറിയയുടെ സമീപകാല നിര്‍ദേശങ്ങളോട് ഉത്തര കൊറിയ ഒരുതരത്തിലുള്ള പ്രതികരണങ്ങള്‍ക്കും തയ്യാറായിട്ടില്ല. നേരത്തെ ഇരുരാജ്യങ്ങള്‍ക്കുമിടിയിലുള്ള സഹകരണ പദ്ധതികള്‍ ഉപരോധങ്ങളെത്തുടര്‍ന്ന് തടസപ്പെട്ടിരുന്നു.\
Story Highlights- North Korea, South Korean, Moon Jae In
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here