കളിയിക്കാവിളയിൽ പൊലീസ് ഉദ്യോഗസ്ഥനെ വെടിവച്ച് കൊലപ്പെടുത്തിയ കേസ്: പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

കളിയിക്കാവിളയിൽ പൊലീസ് ഉദ്യോഗസ്ഥനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളെന്ന് സംശയിക്കുന്നവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. ഉച്ചയോട് കൂടി നോട്ടീസ് പുറത്തിറങ്ങും. ഇന്നലെ വെടി വയ്ക്കുന്നതിന് മുമ്പ് വിൽസണെ കുത്തിയും പരിക്കേൽപ്പിച്ചിരുന്നു. ശരീരത്തിൽ കുത്തേറ്റ മുറിവുകൾ കണ്ടെത്തി. വെടി വച്ചത് പോയിന്റ് ബ്ലാങ്കിലെന്നും തിരിച്ചറിഞ്ഞു. രണ്ട് വെടിയുണ്ടകൾ ദേഹം തുളച്ച് പുറത്ത് വന്നിട്ടുണ്ട്. തോക്കിനൊപ്പം പ്രതികളുടെ കൈയിൽ മാരകായുധങ്ങളുമുണ്ടായിരുന്നു എന്നാണ് വിവരം.
അതേ സമയം, കേസിൽ പ്രതികളുമായി ബന്ധമുള്ള രണ്ട് പേർ പിടിയിലായി. ഷക്കീർ അഹമ്മദ്, അബ്ബാസ് എന്നിവരാണ് പിടിയിലായത്. ഇവർ പ്രതികളുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു.
പാലക്കാട് പൊലീസാണ് ഇവരെ പിടികൂടിയത്. തമിഴ്‌നാട് നാഷണൽ ലീഗുമായി ബന്ധമുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിൽ വച്ച് ഇവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു.
തമിഴ്‌നാട്ടിൽ മുൻപ് സജീവമായിരുന്ന ചില തീവ്രവാദ സംഘടനകളിൽ പ്രവർത്തിച്ചിരുന്നവർ ചേർന്ന് രൂപീകരിച്ച പുതിയ സംഘടനയായ തമിഴ്‌നാട് നാഷണൽ ലീഗാണ് എഎസ്‌ഐയുടെ കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് വിലയിരുത്തൽ. സംഭവത്തിൽ പങ്കെടുത്തുവെന്നു സംശയിക്കുന്ന ചിലരെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിർദേശത്തെ തുടർന്ന് ഒരാഴ്ച മുൻപ് ക്യൂ ബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു. കൂടാതെ തക്കലയിലെ ചില വീടുകളിൽ പൊലീസ് റെയ്ഡും നടത്തിയിരുന്നു.
ഇതിന് പ്രതികാരമായിട്ടാണ് എഎസ്‌ഐ വിൽസണെ വിധിച്ചതെന്നാണ് സൂചന. കേസിൽ പ്രധാന പ്രതികളായ തൗഫീഖിന്റേയും അബ്ദുൾ ഷമീമിന്റെയും ജയിലിൽ കഴിയുന്ന സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തു. സംശയത്തിന്റെ അടിസ്ഥാനത്തിൽ മലയാളികളായ ചിലരെയും ചോദ്യം ചെയ്ത് വരികയാണ്.കന്യാകുമാരി എസ്പിക്കാണ് കേസന്വേഷണചുമതല. സംയുക്ത അന്വേഷണത്തിന്റെ ഏകോപനത്തിനായി കേരള പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
look out notice, kaliyikkavila police murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here