കളിയിക്കാവിളയിൽ പൊലീസ് ഉദ്യോഗസ്ഥനെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതികളുമായി ബന്ധമുള്ള രണ്ട് പേർ കസ്റ്റഡിയിൽ

കളിയിക്കാവിളയിൽ പൊലീസ് ഉദ്യോഗസ്ഥനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളുമായി ബന്ധമുള്ള രണ്ട് പേർ പിടിയിൽ. ഷക്കീർ അഹമ്മദ്, അബ്ബാസ് എന്നിവരാണ് പിടിയിലായത്. ഇവർ പ്രതികളുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു.
പാലക്കാട് പൊലീസാണ് ഇവരെ പിടികൂടിയത്. ഇവര്‍ക്ക് തമിഴ്‌നാട് നാഷണൽ ലീഗുമായി ബന്ധമുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിൽ വച്ച് പിടിക്കപ്പെട്ടവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു. അതേസമയം കേരളത്തിലും തമിഴ്‌നാട്ടിലുമായി പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി.
തമിഴ്‌നാട്ടിൽ മുൻപ് സജീവമായിരുന്ന ചില തീവ്രവാദ സംഘടനകളിൽ പ്രവർത്തിച്ചിരുന്നവർ ചേർന്ന് രൂപീകരിച്ച പുതിയ സംഘടനയായ തമിഴ്‌നാട് നാഷണൽ ലീഗാണ് എഎസ്‌ഐയുടെ കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് വിലയിരുത്തൽ. സംഭവത്തിൽ പങ്കെടുത്തുവെന്നു സംശയിക്കുന്ന ചിലരെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിർദേശത്തെ തുടർന്ന് ഒരാഴ്ച മുൻപ് ക്യൂ ബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു. കൂടാതെ തക്കലയിലെ ചില വീടുകളിൽ പൊലീസ് റെയ്ഡും നടത്തിയിരുന്നു.
ഇതിന് പ്രതികാരമായിട്ടാണ് എഎസ്‌ഐ വിൽസണെ വിധിച്ചതെന്നാണ് സൂചന. കേസിൽ പ്രധാന പ്രതികളായ തൗഫീഖിന്റേയും അബ്ദുൾ ഷമീമിന്റെയും ജയിലിൽ കഴിയുന്ന സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തു. സംശയത്തിന്റെ അടിസ്ഥാനത്തിൽ മലയാളികളായ ചിലരെയും ചോദ്യം ചെയ്ത് വരികയാണ്.
കന്യാകുമാരി എസ്പിക്കാണ് കേസന്വേഷണചുമതല. സംയുക്ത അന്വേഷണത്തിന്റെ ഏകോപനത്തിനായി കേരള പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here