ടി-20 ലോകകപ്പ്; ടീമിൽ മാറ്റമുണ്ടാവുമെന്ന സൂചന നൽകി രോഹിത് ശർമ

ഈ വർഷം നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ മാറ്റമുണ്ടാവുമെന്ന സൂചന നൽകി ഉപനായകൻ രോഹിത് ശർമ. ഇനിയും അടക്കാൻ ടീമിൽ പഴുതുകൾ ബാക്കിയുണ്ടെന്നും ലോകകപ്പിനുള്ള ടീമിൽ മാറ്റമുണ്ടാവാനുള്ള സാധ്യതയുണ്ടെന്നും രോഹിത് പറഞ്ഞു.
“ലോകകപ്പിൽ അവസരം കത്ത് ഒരുപാട് താരങ്ങൾ പുറത്തുണ്ട്. മികച്ച പ്രകടനം നടത്തുന്ന 20ഓളം താരങ്ങൾ പരിഗണനയിലുമുണ്ട്. അതിൽ നിന്ന് 15 പേരെ കണ്ടെത്തുക ബുദ്ധിമുട്ടാണ്. ടീമിൽ മാറ്റങ്ങളുണ്ടാവും. ഒരുപാട് പഴുതുകൾ അടക്കാനുണ്ട്. ഓസ്ട്രേലിയൻ മണ്ണിൽ കിരീടം നേടാൻ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടി വരും.”- രോഹിത് പറഞ്ഞു.
ഉപനായകനെന്ന റോൾ താൻ നല്ല രീതിയിൽ ചെയ്യുന്നുണ്ടെന്നും കോലിയെ സഹായിക്കേണ്ടത് തൻ്റെ ഉത്തരവാദിത്തമാണെന്നും രോഹിത് കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന ഓസ്ട്രേലിയ, ന്യൂസിലൻഡ് പരമ്പരകൾ ബുദ്ധിമുട്ടേറിയതാവും. ഇരു ടീമുകളുടെയും ബൗളിംഗ് ഡിപ്പാർട്ട്മെൻ്റ് ശക്തമാണ്. അതുകൊണ്ട് തന്നെ മനസ്സിനെ പാകപ്പെടുത്തി എടുക്കേണ്ടതുണ്ട്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയും കടുപ്പമേറിയതാവും. എങ്കിലും ആത്മവിശ്വാസത്തോടെയാണ് പരമ്പരയെ കാണുന്നത്. സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും തിരിച്ചെത്തിയതു കൊണ്ട് തന്നെ ഓസ്ട്രേലിയ കരുത്ത് വർധിച്ച സംഘമായെന്നും രോഹിത് പറഞ്ഞു.
അതേ സമയം, ഇന്ത്യ-ശ്രീലങ്ക ടി-20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് പൂനെയിൽ നടക്കും. ഇന്ന് രാത്രി 7 മണിക്കാണ് മത്സരം. പൂനെയിലെ പിച്ചൊരുക്കിയിരിക്കുന്നത് സ്പോർട്ടിംഗ് വിക്കറ്റ് ആയിട്ടാണെന്ന് ക്യുറേറ്റർ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ മത്സരത്തിൽ ബൗളർമാരും നേട്ടമുണ്ടാക്കിയേക്കും. ചേസിംഗിന് അനുകൂല ചരിത്രമുള്ളതു കൊണ്ട് തന്നെ ടോസ് വിജയിക്കുന്ന ടീം ഫീൽഡിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത.
Story Highlights: T-20 world cup, Rohit Sharma
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here