ഇറാനെ ആക്രമിക്കുന്നതിൽ നിന്ന് ട്രംപിനെതിരെ പ്രമേയം പാസാക്കി അമേരിക്കൻ പ്രതിനിധി സഭ

ഭാവിയിൽ ഇറാനെ തന്നിഷ്ടപ്രകാരം ആക്രമിക്കുന്നതിൽ നിന്ന് ഡോണൾഡ് ട്രംപിനെ തടയുന്ന പ്രമേയം പാസാക്കി അമേരിക്കൻ പ്രതിനിധി സഭ. യുഎസ് കോൺഗ്രസിന്റെ അനുമതിയില്ലാതെ ഇറാനെ ആക്രമിക്കരുതെന്ന് ട്രംപിനോട് നിർദേശിക്കുന്ന പ്രമേയമാണ് പാസായത്. എന്നാൽ, ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് മേധാവിത്തമുള്ള സെനറ്റിൽ കൂടി പാസായാൽ മാത്രമേ പ്രമേയത്തിന് സാധുതയുണ്ടാകൂ.

സൈനിക നടപടികൾ റദ്ദാക്കാൻ പ്രമേയം ട്രംപിനോട് നിർദേശിക്കുന്നു എന്നതിലുപരി ഇറാനുമായി യുദ്ധം ചെയ്യാൻ ട്രംപിന് യുഎസ് കോൺഗ്രസിന്റെ അനുമതിയില്ലെന്നും പ്രമേയത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 194നെതിരെ 224 വോട്ടുകൾക്കാണ് ഇത് സംബന്ധിച്ച് പ്രമേയം പ്രതിനിധിസഭ പാസാക്കിയത്. മൂന്ന് റിപ്പബ്ലിക്കൻ അംഗങ്ങളും ഒരു സ്വതന്ത്ര അംഗവും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു.

അതേസമയം, എട്ട് ഡെമോക്രാറ്റ് അംഗങ്ങൾ റിപ്പബ്ലിക്കൻ അംഗങ്ങളോടൊപ്പം ചേർന്ന് പ്രമേയത്തെ എതിർത്തു. ഖാസിം സുലൈമാനിയെ വധിക്കാൻ നിർദേശിച്ച ട്രംപിന്റെ നടപടി അനുചിതവും പ്രകോപനപരവുമായിരുന്നെന്ന് പ്രതിനിധിസഭ സ്പീക്കർ നാൻസി പെലോസി പറഞ്ഞു. ഇനി സെനറ്റിൽ കൂടി പാസായാൽ മാത്രമേ പ്രമേയത്തിന് സാധുതയുണ്ടാകൂ. എന്നാൽ, റിപ്പബ്ലിക്കൻ പാർട്ടിക്ക് മേധാവിത്തമുള്ള സെനറ്റിൽ പ്രമേയം പാസാക്കുക ശ്രമകരമായിരിക്കും.

ഇറാന്റെ ഉയർന്ന സൈനിക കമാൻഡർ ഖാസിം സുലൈമാനിയെ വധിച്ച ഡോണൾഡ് ട്രംപിന്റെ നടപടിയോടുള്ള വിമർശനം ശക്തമാകുന്നതിനിടെയാണ് യുഎസ് പ്രതിനിധി സഭ പ്രമേയം പാസാക്കിയത്. സുലൈമാനിയെ വധിക്കുന്നതിന് മുമ്പ് അക്കാര്യം കോൺഗ്രസുമായി ആലോചിക്കാതിരുന്നത് ഡെമോക്രാറ്റുകളെ കുപിതരാക്കിയിരുന്നു. ട്രംപിന്റെ നടപടികൾ യുദ്ധത്തിലേക്ക് നയിക്കുമെന്ന ആശങ്കയും ഡെമോക്രാറ്റുകൾക്കുണ്ട് അവർക്കുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top