റിയൽ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിക്ക് ഒരാഴ്ചക്കകം ലഭിച്ചത് 30ലധികം പരാതികൾ

കേരള റിയൽ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി പ്രവർത്തനം തുടങ്ങി ഒരാഴ്ചയ്ക്കകം നിർമാണ കമ്പനികൾക്കെതിരെ ലഭിച്ചത് 30 ഓളം പരാതികൾ. വാഗ്ദാനം നടപ്പാക്കുന്നില്ല, സമയബന്ധിതമായി നിർമാണം പൂർത്തിയാക്കുന്നില്ല തുടങ്ങിയ പരാതികളാണ് ഇതിലേറെയും.
ജനുവരി ഒന്നിനാണ് റിയൽ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ ഉദ്ഘാടനം നിർവഹിക്കപ്പെട്ടത്. ഒരാഴ്ചക്കിടെ മാത്രം അതോറിറ്റിക്ക് ലഭിച്ചത് 30 ഓളം പരാതികളാണ്. ഇപ്പോൾ നിർമാണം നടന്നുകൊണ്ടിരിക്കുന്നതും ഒക്യുപൻസി സർട്ടിഫിക്കറ്റ് ലഭിക്കാത്തതുമായ പ്രോജക്ടുകൾക്കെതിരെയാണ് ഉപഭോക്താക്കളുടെ പരാതി. തുക മുഴുവൻ മുൻകൂർ വാങ്ങിയിട്ടും പറഞ്ഞ സമയത്ത് കെട്ടിടം പൂർത്തീകരിച്ചു കൈമാറിയില്ലെന്നതാണ് പരാതികളിലേറെയുമെന്ന് ചെയർമാൻ പിഎച്ച് കുര്യൻ പറഞ്ഞു.
തീരദേശ പരിപാലന നിയമം ഉൾപ്പെടെ ലംഘിച്ചുകൊണ്ട് നിർമാണം നത്തിയാൽ തടയാനും അതേക്കുറിച്ച് അന്വേഷിക്കാനും അതോറിറ്റിക്ക് അധികാരമുണ്ട്. വില്ല പ്രോജക്ടുകളും ഭൂമി പ്ലോട്ടുകളാക്കി വിൽക്കുന്നവരും റെഗുലേറ്ററി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യണം. പദ്ധതി നടത്തുന്നവരുടെ മുൻകാല ചരിത്രം ഉൾപ്പെടെ എല്ലാ വിവരങ്ങളും അതോറിറ്റിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. ജനങ്ങൾക്ക് ഇക്കാര്യങ്ങൾ മനസിലാക്കാനും കബളിപ്പിക്കപ്പെടുന്നത് ഒഴിവാക്കാനും ഇതിലൂടെ കഴിയുമെന്നാണ് അതോറിറ്റിയുടെ പ്രതീക്ഷ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here