ദീർഘദൂര സർവീസ്; ലക്ഷ്വറി ബസുകൾക്ക് പെർമിറ്റ് വേണ്ടെന്ന് കേന്ദ്രം

ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ ലക്ഷ്വറി വിഭാഗം ബസുകള്‍ക്ക് പെര്‍മിറ്റ് വേണ്ടെന്ന് കേന്ദ്രം. ഇതിനായി 22 സീറ്റിനു മുകളിലുള്ള എസി ഡീലക്‌സ് ബസുകളെ പെര്‍മിറ്റ് ആവശ്യമുള്ളവയുടെ പട്ടികയില്‍ നിന്നും ഒഴിവാക്കി കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. വിജ്ഞാപനം നിലവില്‍ വന്നാല്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്ന ദീര്‍ഘദൂര റൂട്ടുകളില്‍ സ്വകാര്യ ലക്ഷ്വറി ബസുകള്‍ക്ക് യഥേഷ്ടം സര്‍വീസ് നടത്താന്‍ കഴിയും.

ഇന്ത്യന്‍ നഗരങ്ങളിലെ പൊതുഗതാഗത സംവിധാനത്തിലെ തിരക്ക് ഒഴിവാക്കുന്നതിനും സുരക്ഷിതവും സൗകര്യ പ്രദവുമായ യാത്ര ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് ലക്ഷ്വറി ബസുകളെ പെര്‍മിറ്റില്‍ നിന്നും ഒഴിവാക്കുന്നത്. ഇവര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്താം. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ കരട് വിജ്ഞാപനം പുറത്തിറക്കി.

22 യാത്രക്കാരില്‍ കൂടുതല്‍ യാത്ര ചെയ്യാന്‍ കഴിയുന്ന എ.സി ഡീലക്‌സ് ബസുകളെ പെര്‍മിറ്റ് വേണ്ടവയില്‍ നിന്നും ഒഴിവാക്കിയാണ് കരട് വിജ്ഞാപനം തയാറാക്കിയിട്ടുള്ളത്. ഇതിനായി മോട്ടോര്‍ വാഹന നിയമത്തിലെ 66-ാം വകുപ്പിലാണ് ഭേദഗതി വരുത്തിയിട്ടുള്ളത്. കരട് വിജ്ഞാപനം എല്ലാ സംസ്ഥാനങ്ങളിലേയും ഗതാഗത സെക്രട്ടറിമാര്‍ക്ക് നല്‍കുകയും ചെയ്തു. 30 ദിവസത്തിനകം അഭിപ്രായം അറിയിക്കാനാണ് നിര്‍ദ്ദേശം.

ലക്ഷ്വറി ബസുകളെ പെര്‍മിറ്റ് നേടുന്നതില്‍ നിന്നും ഒഴിവാക്കുന്നതോടെ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്ന ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ സ്വകാര്യ ലക്ഷ്വറി ബസുകള്‍ക്ക് കഴിയും. കോണ്‍ട്രാക്ട് കാര്യേജ് പെര്‍മിറ്റ് മാത്രമാണ് ഇവയ്ക്കുള്ളത്. ഈ പെര്‍മിറ്റ് ഉപയോഗിച്ച് ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്തുമ്പോള്‍ നിയമപരമായ നടപടിയെടുക്കാന്‍ നിലവില്‍ കെഎസ്ആര്‍ടിസിക്ക് കഴിയും. എന്നാല്‍ വിജ്ഞാപനം നിലവില്‍ വരുന്നതോടെ പെര്‍മിറ്റില്ലാതെ ഈ റൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ സ്വകാര്യ ലക്ഷ്വറി ബസുകള്‍ക്ക് നിയമപിന്തുണ ലഭിക്കും. ഇങ്ങനെ വരുന്നതോടെ കെഎസ്ആര്‍ടിസിയുടെ നഷ്ടം വന്‍തോതില്‍ ഉയരും.

Story Highlights: Bus, KSRTC

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top