മരടിലെ കെട്ടിട അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് ആലപ്പുഴയിലെ ഡംബിംഗ് യാർഡിലേക്ക്

മരടിലെ കെട്ടിട അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് ആലപ്പുഴ ചന്തിരൂരുള്ള ഡംമ്പിംഗ് യാർഡിലേക്ക്. ആലുവ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രോമ്റ്റ് എന്ന കമ്പനിയാണ് കെട്ടിട അവശിഷ്ടങ്ങൾ നീക്കാൻ കരാർ എടുത്തിരിക്കുന്നത്. 70 ദിവസത്തിനകം അവശിഷ്ടങ്ങൾ നീക്കം ചെയ്യുമെന്നാണ് കമ്പനി അധികൃതർ പറയുന്നത്.
നിയന്ത്രിത സ്‌ഫോടനത്തിലൂടെ മരടിലെ 4 കെട്ടിടങ്ങളും നിലം പൊത്തി. ഇനിയുള്ളത് ഈ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുക എന്നതാണ്. ആലുവ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രോംറ്റ് എന്ന കമ്പനിയാണ് നാല് ഫ്‌ളാറ്റുകളുടേയും അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിന് കരാർ ഏറ്റെടുത്തിരിക്കുന്നത്. എഴുപത്തി ആറായിരത്തി മുന്നൂറ്റി അൻപത് ടൺ മാലിന്യം നാല് ഫ്‌ളാറ്റുകളിൽ നിന്നായി ഉണ്ടായിട്ടുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. കെട്ടിട അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള എല്ലാ വിധ ഒരുക്കങ്ങളും പൂർത്തിയായെന്ന് പ്രോംറ്റ് കമ്പനി അധികൃതർ പറഞ്ഞു.
എന്നാൽ ഇക്കാര്യം അരൂർ പഞ്ചായിത്തിനെ അറിയിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. ജനങ്ങൾ കൂടുതലായി താമസിക്കുന്ന പ്രദേശത്ത് ഇത്തരം മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് വലിയ രീതിയിലുള്ള പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നാണ് പഞ്ചായത്തിന്റെ വിലയിരുത്തൽ. അതുകൊണ്ട് ഈ വിഷയത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്താനും പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ചന്തിരൂരിൽ കെട്ടിട മാലിന്യങ്ങൾ തള്ളുന്നതിനെതിരെ ജനങ്ങളിൽ നിന്നും പ്രതിഷേധമുയരുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here