ജെഎൻയു ആക്രമണം; ഐഷി ഘോഷ് ഉൾപ്പെടെ 9 പേരെ ഇന്ന് ചോദ്യം ചെയ്യും

ജെഎൻയു ആക്രമണവുമായി ബന്ധപ്പെട്ട് ഐഷി ഘോഷ് ഉൾപ്പെടെയുള്ള ഒമ്പത് പേരെ ഇന്ന് ചോദ്യം ചെയ്‌തേക്കും. ആക്രമണം ആസൂത്രണം ചെയ്തതെന്ന് കരുതുന്ന വാട്‌സാപ്പ് ഗ്രൂപ്പിലെ 37 പേരോടും ഹാജരാകാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.
ജനുവരി അഞ്ചിന് നടന്ന മുഖം മൂടി ആക്രമണങ്ങളിൽ ഏഴ് ഇടത് നേതാക്കളെയും രണ്ട് എബിവിപി പ്രവർത്തകരെയുമാണ് പൊലീസ് ചോദ്യം ചെയ്യലിനായി ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്. ഇടത് സംഘടനയിലുള്ള വിദ്യാർഥികളെ ആക്രമിക്കുന്നതിന് ആസൂത്രണം നൽകിയ യൂനിറ്റി എഗെയ്ൻസ്റ്റ് ലെഫ്റ്റ് എന്ന വാട്‌സാപ് ഗ്രൂപ്പിലെ 37 പേർക്കും ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ക്യാമ്പസിൽ ആക്രമണം നിയന്ത്രിച്ചതും അക്രമികൾക്ക് രക്ഷപെടാനുള്ള വഴിയൊരുക്കിയതും ഈ വാട്‌സാപ്പ് ഗ്രൂപ്പ് ആണെന്നാണ് കണ്ടെത്തൽ.
അതിനിടെ മുഖം മൂടി ആക്രമണം ആസൂത്രിതമാണെന്ന് കോൺഗ്രസിൻറെ വസ്തുതാ അന്വേഷണ സമിതി കണ്ടെത്തിയത്. സമരം നേരിടുന്നതിൽ മാനവ വിഭവ ശേഷി മന്ത്രാലയത്തിനും വിസിക്കും ഗുരുതര വീഴ്ചയുണ്ടായെന്ന് വസ്തുതാന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ജെഎൻയു വിദ്യാർത്ഥികൾ ഇന്ന് ഡൽഹി പൊലീസ് ആസ്ഥാനത്ത് നടത്താനിരുന്ന പ്രതിഷേധം മാറ്റിവച്ചു. ഐഷി അടക്കമുള്ളവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച സാഹചര്യത്തിലും രജിസ്‌ട്രേഷൻ സംബന്ധിച്ച് ആശയകുഴപ്പം തീർക്കാൻ വിദ്യാർത്ഥി യൂണിയൻ യോഗം ഇന്ന് ചേരുന്നതിനാലുമാണ് മാർച്ച് മാറ്റിയത്.
Story Highlights- aishe ghosh, JNU
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here