2015 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കിയാകും തദ്ദേശ തെരഞ്ഞെടുപ്പ്: തെരഞ്ഞെടുപ്പ് കമ്മീഷണര്‍

തദ്ദേശ തെരഞ്ഞെടുപ്പ് ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി വേണമെന്ന ഭരണ, പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ തള്ളി. 2015 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കിയാകും തെരഞ്ഞെടുപ്പെന്ന് സംസ്ഥാന
തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ വ്യക്തമാക്കി. അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി 28 ന് പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി തദേശ തെരഞ്ഞെടുപ്പ് നടത്തണമെന്ന സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും ആവശ്യം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളുകയായിരുന്നു. കഴിഞ്ഞ തദേശ ഭരണ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തിലാകും ഇത്തവണ തെരഞ്ഞെടുപ്പ്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം നടന്ന നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്തവരുടെയെല്ലാം പേരുകള്‍ അടിസ്ഥാന വോട്ടര്‍ പട്ടികയില്‍ കാണണമെന്നില്ല.
2015 ലെ പട്ടികയിലില്ലാത്തവര്‍ പുതിയ അപേക്ഷ സമര്‍പ്പിക്കണം. ആശങ്കകള്‍ അനാവശ്യമാണെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. വാര്‍ഡ് പുനര്‍ വിഭജനം അനിവാര്യമാണ്. ജില്ലാ തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി ജില്ലാ കളക്ടര്‍മാര്‍ ചര്‍ച്ച നടത്താനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിര്‍ദേശിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here