ഇനി ശരിക്കുള്ള പരീക്ഷണം; ഓസ്ട്രേലിയൻ പരമ്പരക്ക് നാളെ തുടക്കം

ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിന് നാളെ തുടക്കം. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ഉച്ച തിരിഞ്ഞ് 1.30നാണ് ആദ്യ മത്സരം. വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങി ദുർബലരായ എതിരാളികൾക്കെതിരെ കളിച്ചു വന്നിരുന്ന ഇന്ത്യക്കുള്ള കടുത്ത വെല്ലുവിളിയാവും ഈ പര്യടനം.
മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ ഉണ്ടാവുക. 17ന് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനിലും 19ന് എം ചിന്നസ്വാമി സ്റ്റേഡിയത്തിലും യഥാക്രമം രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങൾ നടക്കും. എല്ലാ മത്സരങ്ങളും ഡേ നൈറ്റാണ്.
ശക്തരായ ടീമുമായാണ് ഓസീസ് ഇന്ത്യൻ മണ്ണിലേക്കെത്തുന്നത്. വിലക്കിനു ശേഷം ടീമിലേക്ക് തിരികെയെത്തിയ ഡേവിഡ് വാർണറിൻ്റെയും സ്റ്റീവൻ സ്മിത്തിൻ്റെയും സാന്നിധ്യമാണ് അവരുടെ ഏറ്റവും വലിയ കരുത്ത്. ഇരുവരും ഫോമിലാണെന്നുള്ളത് ഇന്ത്യയുടെ തലവേദന വർധിപ്പിക്കുന്നു. ടെസ്റ്റ് മത്സരങ്ങളിൽ അവിശ്വസനീയ പ്രകടനം തുടരുന്ന മാർനസ് ലബുഷാനെയും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. അലക്സ് കാരി, ഡാർസി ഷോർട്ട്, മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, ആദം സാംബ തുടങ്ങി മുൻനിര ടീം തന്നെ ഇന്ത്യക്കെതിരെ ഇറങ്ങും. ആരോൺ ഫിഞ്ചാണ് ഓസീസ് നായകൻ.
മറുവശത്ത് ഇന്ത്യൻ ടീമും മോശമല്ല. ലോകേഷ് രാഹുൽ, രോഹിത് ശർമ്മ, ശിഖർ ധവാൻ എന്നീ മൂന്ന് ഓപ്പണർമാരും ഫോമിലായത് ഇന്ത്യക്ക് തലവേദനയാവും. മനീഷ് പാണ്ഡെയും കേദാർ ജാദവും തമ്മിലും സമാന മത്സരം നടക്കുന്നുണ്ട്. അഞ്ചാം നമ്പരിൽ ഇവരിൽ ഒരാൾ മാത്രമേ ടീമിൽ ഉണ്ടാവൂ. പാർട്ട് ടൈം ബൗളർ എന്ന നിലയിൽ കേദാർ ജാദവ് തന്നെ കളിച്ചേക്കും. അത് കോലി തന്നെ സൂചിപ്പിച്ചിരുന്നു. നാലാം നമ്പർ ശ്രേയസ് അയ്യരും ആറാം നമ്പർ ഋഷഭ് പന്തും ഉറപ്പിച്ചിട്ടുണ്ട്. പേസ് ഓൾറൗണ്ടറായി ടീമിലെത്തിയ ശിവം ദുബെ കളിക്കാനിടയില്ല. ബുംറക്കും ഷമിക്കുമൊപ്പം നവദീപ് സെയ്നി പന്തെറിഞ്ഞേക്കും.
Story Highlights: India, Australia, ODI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here