കൂടത്തായി കേസ്: വ്യാജ ഒസ്യത്ത് തയാറാക്കിയതുമായി ബന്ധപ്പെട്ട് ജോളിയുടെ സഹോദരന്മാരെ ചോദ്യം ചെയ്തു

കൂടത്തായി കേസില്‍ പുതിയ വഴിത്തിരിവ്. വ്യാജ ഒസ്യത്ത് തയാറാക്കിയതുമായി ബന്ധപ്പെട്ട് ജോളിയുടെ സഹോദരന്മാരെ ചോദ്യം ചെയ്തു. വ്യാജ ഒസ്യത്ത് കേസ് അന്വേഷിക്കുന്ന കുറ്റ്യാടി സിഐ സുനിലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. കൂടത്തായിലെ റോയ് തോമസിന്റെ പിതാവ് ടോം തോമസിന്റെ പേരിലുള്ള മുപ്പത്തി ഏഴര സെന്റും പൊന്നാമറ്റം വീടും റോയിയുടെ പേരില്‍ എഴുതിയ വ്യാജ ഒസ്യത്ത് തയാറാക്കിയതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍.
ജോളിയുടെ സഹോദരങ്ങളായ നോബിള്‍, ബാബു, ജോസ് എന്നിവരെയും സഹോദരി ഭര്‍ത്താവ് ജോണിയെയുമാണ് ഇന്ന് ചോദ്യം ചെയ്തത്. വ്യാജ ഒസ്യത്ത് തയാറാക്കുന്നതിന് ജോളിക്ക് കട്ടപ്പനയിലെ കുടുംബത്തില്‍ നിന്ന് സഹായം കിട്ടിയിരുന്നോ, നോബിളിന്റെയും ജോണിയുടേയും റിയല്‍ എസ്‌റ്റേറ്റ് ബിസിനസില്‍ പങ്കുണ്ടായിരുന്നോ തുടങ്ങിയ സംശയങ്ങള്‍ ബലപ്പെട്ട സാഹചര്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
ജോളിയുടെ പിതാവിനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നുവെങ്കിലും ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഹാജരായില്ല. നേരത്തെ അന്വേഷണത്തിനിടെ നുണ പരിശോധയ്ക്ക് ജോളി ഹാജരാകരുത് എന്ന് ജോണി നിര്‍ദേശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജോണിയെ നേരത്തെ ചോദ്യം ചെയ്തിരുന്നു. മഞ്ചാടി മാത്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി സിഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും ജോളിയുടെ സഹോദരങ്ങളെ ചോദ്യം ചെയ്തു. ഈ കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here