തീരദേശ നിയമം ലംഘിക്കുന്നവർക്ക് മരട് പാഠമാകണമെന്ന് സുപ്രിംകോടതി

തീരദേശ നിയമം ലംഘിക്കുന്നവർക്ക് മരട് പാഠമാകണമെന്ന് മുന്നറിയിപ്പുമായി സുപ്രിം കോടതി. കായലിൽ വീണ അവശിഷ്ടങ്ങൾ ഉടൻ നീക്കണമെന്ന് അറിയിച്ച് കോടതി തുടർ ഉത്തരവ് നാലാഴ്ചയ്ക്ക് ശേഷം പുറപ്പെടുവിക്കും.
2019 മെയ് 8 ന് പുറപ്പെടുവിച്ച സുപ്രിം കോടതി ഉത്തരവ് നടപ്പാക്കിയ ആത്മവിശ്വാസത്തോടെയാണ് മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കിയ റിപ്പോർട്ട് സർക്കാർ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിൽ സമർപ്പിച്ചത്. ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കേണ്ടി വന്നത് വേദനാജനകമാണെന്ന് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. ഇനിയെങ്കിലും അനധികൃത നിർമ്മാണം കുറയുമെന്ന് പ്രത്യാശയാണ് കോടതി പ്രകടിപ്പിച്ചത്.
കായലിൽ വീണ അവശിഷ്ടങ്ങൾ അടക്കം ഉടൻ നീക്കണമെന്ന് സുപ്രിം കോടതി നിർദ്ദേശിച്ചു. നാല് ആഴ്ചയ്ക്ക് ശേഷമാണ് കേസിൽ തുടർ ഉത്തരവ് പുറപ്പെടുവിക്കുക.
അതേസമയം നഷ്ടപരിഹാരം ലഭിക്കാൻ സിവിൽ കോടതിയെ സമീപിക്കുമ്പോൾ ഉണ്ടാകുന്ന ഭീമമായ കോടതി ഫീസിൽ ഇളവിനായി ഉത്തരവ് നല്കാമെന്നും, നഷ്ടപരിഹാരത്തിൽ പരാതി ഉള്ളവർക്ക് അപേക്ഷ നല്കാം എന്നും കോടതി വ്യക്തമാക്കി. എന്നാൽ കണ്ട് കെട്ടിയ സ്വത്ത് വിറ്റ് നഷ്ടപരിഹാരം അടയ്ക്കാൻ അനുവദിക്കണം എന്ന ജെയിൻ ഹൌസിംഗിൻ്റെ ആവശ്യം കോടതി നിരാകരിച്ചു.
മരടിൽ ശനിയാഴ്ചയാണ് രണ്ട് ഫ്‌ളാറ്റുകൾ പൊളിച്ചത്. തുടർന്ന് ഇന്നലെയും ഫ്‌ളാറ്റുകൾ തകർത്തു. ഇതിന് പിന്നാലെ പ്രദേശത്ത് പൊടി വ്യാപിച്ചു. നടപടി ആവശ്യപ്പെട്ട് നാട്ടുകാർ ഇന്നലെയും രംഗത്തെത്തുകയും നഗരസഭാധ്യക്ഷയെ തടയുകയും ചെയ്തിരുന്നു.
Story Highlights: Maradu Flat demolition, Supreme Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here