Advertisement

പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർജി; കേന്ദ്രത്തിന് മാന്യതയുണ്ടെങ്കിൽ ഭേദഗതിയിൽ നിന്ന് പിന്മാറണമെന്ന് എകെ ബാലൻ; നിയമത്തെ കേരളം അംഗീകരിക്കുന്നില്ലെന്ന് ഇപി ജയരാജൻ

January 14, 2020
Google News 2 minutes Read

പൗരത്വ നിയമ ഭേദഗതിക്കെതിരായി കേരളം സമർപ്പിച്ച ഹർജിയിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് മന്ത്രിമാരായ എകെ ബാലനും ഇപി ജയരാജനും. നിയമ ഭേദഗതിക്കെതിരായ ഹർജി നൽകണമെന്നത് പൊതുവികാരമാണെന്നും പ്രതിപക്ഷ നേതാവും ഇക്കാര്യം ആവശ്യപ്പെട്ടുവെന്നും മന്ത്രി എകെ ബാലൻ മാധ്യമങ്ങളോട് പറഞ്ഞു. ദുഷ്യന്ത് ദവെ, ജഗദീഷ് ഗുപ്ത എന്നിവരെയാണ് ചുമതലപ്പെടുത്തിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തിൽ യുഡിഎഫ് നല്ല രീതിയിലാണ് പ്രതിരോധിക്കുന്നത്. എന്നാൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ എന്തുകൊണ്ട് പ്രമേയം പാസാക്കുന്നില്ല. മൃദുഹിന്ദുത്വ നിലപാടാണ് കോൺഗ്രസ് ദേശവ്യാപകമായി സ്വീകരിക്കുന്നത്. കേന്ദ്രത്തിന് മാന്യതയുണ്ടെങ്കിൽ ഭേദഗതിയിൽ നിന്ന് പിന്മാറണമെന്നും എകെ ബാലൻ പറഞ്ഞു.

മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് ശരിയാണെന്ന് മന്ത്രി ഇ.പി. ജയരാജനും പറഞ്ഞു. പൗരത്വ നിയമ ഭേദഗതി  കേരളം അംഗീകരിക്കുന്നില്ല. നിയമം ഭരണഘടനാവിരുദ്ധമാണെന്നും ഭരണഘടനയെ അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും ഇന്ത്യൻ ഭരണഘടനയനുസരിച്ച് നിയമനിർമാണം തെറ്റാണെന്നും ഇപി ജയരാജൻ പറയുന്നു.

Read Also : പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേരളം

‘ബിജെപി പാസാക്കിയ നിയമത്തിന് ജന പിന്തുണയില്ല. സംഘപരിവാർ മസിൽ പവർ കൊണ്ട് നിയമം നടത്താമെന്ന് കരുതേണ്ട. സർക്കാർ സാധ്യതമായ എല്ലാ മാർഗങ്ങളും പ്രയോജനപ്പെടുത്തും. അതിന്റെ ഭാഗമാണ് സുപ്രിംകോടതിയെ സമീപിച്ചത് ‘- ഇപി ജയരാജൻ പറയുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രിംകോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്ന ആദ്യ സംസ്ഥാനമായി മാറിയിരിക്കുകയാണ് കേരളം. സിഎഎയ്‌ക്കെതിരെ വിവിധ സംഘടനകൾ നേരത്തെ സുപ്രിംകോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. എന്നാൽ ഒരു സംസ്ഥാനം ഇതിന്റെ നിയമസാധുത ചോദ്യം ചെയ്ത് സുപ്രിംകോടതിയെ സമീപിക്കുന്നത് ഇതാദ്യമാണ്. നേരത്തെ നിയമസഭ ഒരു പ്രമേയം പാസാക്കിയിരുന്നു. ഈ പ്രമേയത്തെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഹർജിയാണ് നിലവിൽ കേരളം ഫയൽ ചെയ്തിരിക്കുന്നത്.

ജനുവരി 22നാണ് പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രിംകോടതി പരിഗണിക്കുന്നത്. അന്ന് കേരളത്തിന്റെ ഹർജിയും സുപ്രിംകോടതി പരിഗണിക്കും.

Story Highlights Citizenship Amendment Act, Supreme Court, ak balan, ep jayarajan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here