ബാങ്ക് വിളി ഏകീകരിക്കണമെന്ന് ഹജ്ജ് കമ്മറ്റി ചെയർമാൻ; പിന്തുണയുമായി മുസ്ലിം സംഘടനകൾ

മുസ്ലിം പള്ളികളിലെ ബാങ്ക് വിളി ഏകീകരിക്കണമെന്ന നിർദ്ദേശവുമായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സമസ്ത കാന്തപുരം വിഭാഗം നേതാവുമായ സി മുഹമ്മദ് ഫൈസി. അടുത്തടുത്തായി ഒന്നിലധികം പള്ളികളുള്ള സ്ഥലങ്ങളിൽ ഒരു പള്ളിയിൽ നിന്ന് മാത്രം ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കാൻ തീരുമാനിക്കണം. രാത്രികളിലെ ഉയർന്ന ശബ്ദത്തിലുള്ള മതപ്രഭാഷണങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം പള്ളികളിൽ നിസ്കരിക്കാനുള്ള സമയമാണെന്നറിയിക്കാനുള്ള മാർഗമാണ് ബാങ്ക്. സംസ്ഥാനത്ത് വിവിധ മുസ്ലിം സംഘടനകൾക്കായി വ്യത്യസ്ത പള്ളികളുണ്ട്. ഒരേ സ്ഥലത്തുള്ള ഒന്നിലധികം പള്ളികളിൽ നിന്ന് പല സമയങ്ങളിലായി ഉച്ച ഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നത് പൊതുസമൂഹത്തിന് ബുദ്ധിമുട്ടാണ്. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ഒരു പള്ളിയിൽ നിന്ന് മാത്രം ഉച്ച ഭാഷിണിയിലൂടെ ബാങ്ക് വിളിക്കണം. ഏത് പള്ളിയിൽ നിന്ന് വേണമെന്നത് തർക്കമുണ്ടാക്കുമെങ്കിൽ ആദ്യം നിർമ്മിച്ച പള്ളിയിൽ നിന്നാവാമെന്ന് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.
രാത്രികാലങ്ങളിലെ ഉച്ചത്തിലുള്ള മതപ്രഭാഷണത്തിനെതിരെയും അദ്ദേഹം രംഗത്തെത്തി. ഇത്തരം സദസ്സുകളിൽ വലിയ ശബ്ദത്തിലുള്ള ഉച്ചഭാഷിണികളാണ് ഉപയോഗിക്കുന്നത്. 100 പേർക്ക് കേൾക്കേണ്ട കാര്യം ആയിരം പേരെ കേൾപ്പിക്കുന്ന തരത്തിലുള്ള ഉച്ചഭാഷിണികളാണ് ഇത്. ഇത് ഒഴിവാക്കേണ്ടതാണ്. മതേതര സമൂഹത്തിൽ ജീവിക്കുന്ന നമ്മൾ പൊതുസമൂഹത്തെ പരിഗണിക്കണം. മതത്തിൻ്റെ പേരിൽ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിർദ്ദേശത്തെ യൂത്ത് ലീഗ് പ്രസിഡൻ്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും സമസ്ത നേതാവ് പിണങ്ങോട് അബൂബക്കറും മുസ്ലിം സര്‍വ്വീസ് സൊസൈറ്റി പ്രസിഡണ്ട് സിപി കുഞ്ഞിമുഹമ്മദുമടങ്ങുന്ന നേതാക്കൾ പിന്തുണച്ചു. ഉച്ചഭാഷിണി ഉപയോഗം നിയന്ത്രിക്കണമെന്ന് മുസ്ലിം ലീഗ് പ്രസിഡണ്ട് ഹൈദരലി ശിഹാബ് തങ്ങളും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
Story Highlights: Mosque
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here