കുട്ടനാട് സീറ്റ്: നിലപാട് കടുപ്പിച്ച് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം

കുട്ടനാട് സീറ്റില്‍ നിലപാട് കടുപ്പിച്ച് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം. സീറ്റ് തങ്ങള്‍ക്ക് അവകാശപ്പെട്ടതെന്നും രണ്ടില ചിഹ്നത്തില്‍ സ്ഥാനാര്‍ഥി ഉണ്ടാകുമെന്നും ജോസ് കെ മാണി പറഞ്ഞു. ചരല്‍ക്കുന്നില്‍ ആരംഭിച്ച സംസ്ഥാന നേതൃക്യാമ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയം അടക്കമുള്ള കാര്യങ്ങളാണ് ചര്‍ച്ചയാകുന്നത്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടില ചിഹ്നം മരവിപ്പിച്ചതിന്റെ ആശ്വാസത്തില്‍ ചരല്‍ക്കുന്നില്‍ ആരംഭിച്ച സംസ്ഥാന നേതൃക്യാമ്പിലാണ് ജോസ് വിഭാഗം നിലപാടറിയിച്ചത്. പാലാ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ചതിച്ച പി ജെ ജോസഫ് തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ രണ്ടില ചിഹ്നം ദുരുപയോഗം ചെയ്‌തെന്നും ജോസ് കെ മാണി ആരോപിച്ചു. പുനലൂര്‍ സീറ്റിന് പകരം കോണ്‍ഗ്രസ് കെ എം മാണിക്ക് നല്‍കിയ കുട്ടനാട്ടില്‍ രണ്ടില ചിഹ്നത്തില്‍ തങ്ങള്‍തന്നെ മത്സരിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.
ഇതിനോടകം രണ്ട് പേരുകള്‍ സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് ഉയര്‍ന്ന് വന്നിട്ടുണ്ട്. കുട്ടനാട്ടില്‍ നിന്നുമുള്ള സംസ്ഥാന സമിതിയംഗം ഷാജോ കണ്ടക്കുടി, ബിനു ഐസക്ക് രാജു എന്നിവരാണ് പരിഗണനയില്‍ ഉള്ളത്. ഇന്നും നാളെയുമായി നടക്കുന്ന ക്യാമ്പിനു ശേഷം സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടായേക്കും. കെ എം മാണിയുടെ മരണ ശേഷം ആദ്യമായാണ് കേരള കോണ്‍ഗ്രസ് എം നേതൃക്യാമ്പ് ചേരുന്നത്. മാണിയുടെ ഒന്നാം ചരമവാര്‍ഷിക പരിപാടികളുടെ ആസൂത്രണവും ക്യാമ്പിന്റെ അജണ്ടയില്‍ ഉണ്ട്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here