പൗരത്വ നിയമ ഭേദഗതിയെ വിമർശിച്ച് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല

പൗരത്വ നിയമ ഭേദഗതിയെ വിമർശിച്ച് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല. നിയമം മോശവും സങ്കടകരവുമാണെന്ന് നദെല്ല പറഞ്ഞു. ബംഗ്ലാദേശി കുടിയേറ്റക്കാർ ഇന്ത്യയിൽ വരികയും രാജ്യത്തിന്റെ വളർച്ചയിൽ സംഭാവനകൾ നൽകുകയും, അടുത്ത ഇൻഫോസിസ് സിഇഒ ആയിമാറുകയും ചെയ്യുന്നത് കാണാനാണ് താനിഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് മൈക്രോസോഫ്റ്റ് സിഇഒയും അമേരിക്കയിൽ കുടിയേറിയ ഇന്ത്യാക്കാരനുമായ സത്യ നദെല്ലയുടെ പ്രതികരണം. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് സങ്കടകരമാണ്. പൗരത്വ ഭേദഗതി നിയമം മോശമാണെന്നും നദെല്ല പറഞ്ഞു. ന്യൂയോർക്കിൽ ഒരു പരിപാടിക്കിടെ ബസ്ഫീഡ് ന്യൂസിന്റെ എഡിറ്റർ ബെൻ സ്മിത്തിന്റെ ഒരു ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

എന്റെ പൈതൃകത്തിൽ ഞാൻ അഭിമാനിക്കുന്നു. ഹൈദരാബാദ് പോലൊരു നഗരത്തിലാണ് ഞാൻ വളർന്നുവന്നത്. വളർന്നുവരാൻ പറ്റിയ സാഹചര്യമായിരുന്നു അവിടെയുണ്ടായിരുന്നത്. ഞങ്ങൾ ഈദും ക്രിസ്മസും ദീപാവലിയും എല്ലാം ഒരുപോലെ ആഘോഷിച്ചിരുന്നു. ഞാൻ പരുവപ്പെടുത്തപ്പെട്ടത് എന്റെ ഇന്ത്യൻ പൈതൃകത്തിലൂടെയാണ്. ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്‌കാരത്തിൽ വളർന്നതിലൂടെയും പിന്നീടൊരു കുടിയേറ്റക്കാരനാകുകയും ചെയ്തതിലൂടെയാണ് – നദെല്ല പറഞ്ഞു.

എല്ലാ രാജ്യത്തിനും അതിർത്തികളുണ്ടാകണം. ദേശീയസുരക്ഷയുണ്ടാകണം. ശരിയായ കുടിയേറ്റ നിയമങ്ങളുണ്ടാകണം. എന്നാൽ, ജനാധ്യപത്യ സംവിധാനങ്ങളിൽ ജനങ്ങൾ ഇക്കാര്യത്തിൽ തീരുമാനത്തിലെത്തേണ്ടത് ചർച്ചകളിലൂടെയാണ്. ബംഗ്ലാദേശിയായ ഒരു കുടിയേറ്റക്കാരൻ ഇന്ത്യയിൽ വരികയും രാജ്യത്തിന്റെ വളർച്ചയിൽ സംഭാവനകൾ നൽകുകയും, അടുത്ത ഇൻഫോസിസ് സിഇഒ ആയിമാറുകയും ചെയ്യുന്നത് കാണാനാണ് താനിഷ്ടപ്പെടുന്നതെന്നും സത്യ നദെല്ല പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top