ചൈനയ്ക്കെതിരായ ആരോപണം പിൻവലിച്ച് അമേരിക്ക

കറൻസിയിൽ കൃത്രിമത്വം കാണിക്കുന്നുവരെന്ന ചൈനയ്ക്കെതിരായ ആരോപണം പിൻവലിച്ച് അമേരിക്ക. രാജ്യാന്തര വ്യാപാരം വർധിപ്പിക്കുന്നതിനായി കറൻസിയെ വില കുറച്ച് കാണിക്കുന്നത് അവസാനിപ്പിക്കാമെന്ന് ചൈന സമ്മതിച്ചതിനാലാണ് ഈ തീരുമാനമെന്ന് അമേരിക്ക വ്യക്തമാക്കി.

അമേരിക്ക-ചൈന വ്യാപാര കരാറിന് ധാരണയായതോടെയാണ് ചൈനയ്ക്കെതിരായ ആരോപണത്തിൽ നിന്ന് പിൻവാങ്ങാൻ അമേരിക്ക തീരുമാനിച്ചത്. കറൻസിയെ വില കുറച്ച് കാണിക്കുന്നത് അവസാനിപ്പിക്കാമെന്ന് ചൈന സമ്മതിച്ചതിനാലാണ് ഈ തീരുമാനമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവൻ മെന്യൂചിൻ പറഞ്ഞു.

കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ ചൈനീസ് കറൻസിയായ യുവാന്റെ മൂല്യം ഉയർന്നിരിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ച മെന്യൂചിൻ വിനിമയ നിരക്കുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നൽകാൻ ചൈന തയ്യാറായിട്ടുണ്ടെന്നും പറഞ്ഞു. ഈ സാഹചര്യത്തിലാണ് കറൻസിയിൽ കൃത്രിമത്വം കാണിക്കുന്നുവരെന്ന മുദ്ര കുത്തലിൽ നിന്ന് അവരെ ഒഴിവാക്കാൻ തീരുമാനിച്ചതെന്നും സ്റ്റീവൻ മെന്യൂചിൻ വ്യക്തമാക്കി.

ചൈന ബോധപൂർവം കറൻസിയായ യുവാന്റെ മൂല്യമിടിയ്ക്കുകയാണെന്നും ഇതുവഴി ചൈനീസ് ഉത്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുകയാണെന്നും ദീർഘകാലമായി ഡോണൾഡ് ട്രംപ് ആരോപിക്കുന്നതാണ്. രാജ്യാന്തര വ്യാപാരം വർദ്ധിപ്പിക്കുന്നതിനാണ് ചൈന ഇത് ചെയ്യുന്നത്. ലോകചരിത്രത്തിലെ ഏറ്റവും വലിയ മോഷണങ്ങളിലൊന്നാണ് ഇതെന്നും ട്രംപ് ആരോപിച്ചിരുന്നു. അന്യായമായ നേട്ടത്തിനായി അവരവരുടെ കറൻസി ഉപയോഗിക്കില്ലെന്ന് ഇരുകൂട്ടരും സമ്മതിച്ചുകൊണ്ടുള്ള ഒരു കരാറായിരിക്കും ഇനിയുണ്ടാവുകയെന്നാണ് റിപ്പോർട്ടുകൾ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More