സിഎഎ എൻആർസി ചോദ്യങ്ങൾക്ക് സാധ്യത; ‘പരീക്ഷ പേ ചർച്ച’യിൽ നിന്ന് സർവകലാശാല വിദ്യാർത്ഥികളെ ഒഴിവാക്കി

വിദ്യാർത്ഥികളുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംവാദ പരിപാടിയായ ‘പരീക്ഷ പേ ചർച്ച’യിൽ നിന്ന് സർവകലാശാല വിദ്യാർത്ഥികളെ ഒഴിവാക്കി. പൗരത്വ നിയമഭേദഗതിയെപ്പറ്റിയും ദേശീയ പൗരത്വ രജിസ്റ്ററിനെപ്പറ്റിയുമൊക്കെ ചോദ്യങ്ങൾ ഉണ്ടായേക്കാം എന്ന് ഭയന്നാണ് നീക്കം. സിഎഎക്കും എൻആർസിക്കുമെതിരെ സർവകലാശാലകളിലെ വിദ്യാർത്ഥികൾ തെരുവിലിറങ്ങിയതു കൊണ്ട് തന്നെ അവർ അസ്വസ്ഥപ്പെടുത്തുന്ന ചോദ്യങ്ങൾ പ്രധാനമന്ത്രിയോട് ചോദിച്ചേക്കാമെന്നാണ് വിലയിരുത്തൽ.

ഈ മാസം 20നാണ് ‘പരീക്ഷ പേ ചർച്ച’. ഈ സംവാദ പരിപാടിയിൽ നിന്നാണ് സർവകലാശാല വിദ്യാർത്ഥികളെ മാനവ വിഭവ ശേഷി മന്ത്രാലയം ഒഴിവാക്കിയത്. ഇനി 9-12 ക്ലാസുകളിലെ 2000 സ്കൂൾ വിദ്യാർത്ഥികൾ മാത്രമേ പരിപാടിയിൽ പങ്കെടുക്കൂ. പൊതു പരീക്ഷ അഭിമുഖീകരിക്കുന്ന വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും സംവാദ പരിപാടിയിൽ പങ്കെടുക്കും.

“രാജ്യത്തെ വിവിധ ക്യാമ്പസുകളിൽ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം നടക്കുന്നതു കൊണ്ട് തന്നെ ഞങ്ങൾ റിസ്കെടുക്കാൻ തയ്യാറാകുന്നില്ല. കോളജ് വിദ്യാർത്ഥികളെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടാവും. അവർ അസ്വസ്ഥപ്പെടുത്തുന്ന ചോദ്യങ്ങൾ ചോദിച്ചേക്കാം. സ്കൂൾ കുട്ടികൾ അനുസരണാശീലം ഉള്ളവരായതു കൊണ്ട് പ്രശ്നമില്ല”- അധികൃതരിൽ ഒരാൾ പറഞ്ഞു.

പരീക്ഷകളെ എങ്ങനെ ഫലപ്രദമായി നേരിടാമെന്ന വിഷയത്തിൽ കഴിഞ്ഞ രണ്ട് വർഷമായി പ്രധാനമന്ത്രി നടത്തി വരുന്ന പരിപാടിയാണ് ‘പരീക്ഷ പേ ചർച്ച’. തെരഞ്ഞെടുക്കപ്പെട്ട സ്കൂൾ വിദ്യാർത്ഥികൾക്കൊപ്പം 500 സർവകലാശാല വിദ്യാർത്ഥികൾ കൂടി കഴിഞ്ഞ വർഷം പരീക്ഷ പേ ചർച്ചയിൽ പങ്കെടുത്തിരുന്നു.

Story Highlights: CAA, NRC, Narendra Modi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top