ഐസിസി പുരസ്കാരങ്ങൾ: രോഹിത് ഏകദിന ക്രിക്കറ്റർ ഓഫ് ദി ഇയർ; ഇന്ത്യൻ താരങ്ങൾക്ക് നേട്ടം

ഐസിസിയുടെ 2019 പുരുഷ ക്രിക്കറ്റർമാർക്കുള്ള പുരസ്കാരങ്ങളിൽ ഇന്ത്യക്ക് നേട്ടം. ഇന്ത്യൻ നായകനും ഉപനായകനും പുരസ്കാരങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. രോഹിത് ശർമ്മ പോയ വർഷത്തെ ഏകദിന ക്രിക്കറ്ററായപ്പോൾ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്കാരമാണ് കോലി നേടിയത്. ഇന്ത്യക്കായി ടെസ്റ്റ് മത്സരങ്ങളിൽ തിളങ്ങിയ മായങ്ക് അഗർവാൾ ഐസിസി ടെസ്റ്റ് ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ടി-20യിലെ മികച്ച ബൗളിംഗ് പ്രകടനത്തിനുള്ള പുരസ്കാരം ദീപക് ചഹാറും സ്വന്തമാക്കി.
2019ൽ അഞ്ച് ലോകകപ്പ് സെഞ്ചുറികളടക്കം ആകെ 7 ഏകദിന സെഞ്ചുറികളും സ്വന്തമാക്കിയ രോഹിത് ശർമ്മയ്ക്ക് അർഹിക്കുന്ന അംഗീകാരം തന്നെയാണ് ലഭിച്ചത്. ലോകകപ്പിൻ്റെ ഒരു എഡിഷനിൽ ഏറ്റവുമധികം സെഞ്ചുറികൾ നേടുന്ന താരമെന്ന റെക്കോർഡ് രോഹിത് കരസ്ഥമാക്കിയിരുന്നു. പോയ വർഷം ഏറ്റവുമധികം ഏകദിന റൺസുകളും രോഹിതിൻ്റെ പേരിലായിരുന്നു.
ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് മത്സരത്തിൽ ഓസീസ് താരം സ്റ്റീവൻ സ്മിത്തിനെ കൂവിയ കാണികളോട് കയ്യടിക്കാൻ ആവശ്യപ്പെട്ടതിനാണ് വിരാട് കോലി സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്കാരം നേടിയത്. മുൻപു തന്നെ ഇക്കാര്യം വലിയ ചർച്ചയായിരുന്നു. ബംഗ്ലാദേശിനെതിരെ വെറും 7 റൺസ് വഴങ്ങി ആറു വിക്കറ്റെടുത്ത പ്രകടനമാണ് ദീപക് ചഹാറിന് ടി-20യിലെ മികച്ച ബൗളിംഗ് പ്രകടനത്തിനുള്ള പുരസ്കാരം നേടിക്കൊടുത്തത്. ഐസിസി ടെസ്റ്റ് ടീമിൽ അഗർവാളിനൊപ്പം വിരാട് കോലിയും ഉൾപ്പെട്ടിട്ടുണ്ട്.
Story Highlights: ICC, Rohit Sharma, Virat Kohli
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here