രാജ്യം 72-മത് ആര്‍മി ദിനം ആചരിച്ചു

പ്രതിരോധത്തിന്റെ ഡിജിറ്റല്‍ പരിവര്‍ത്തനം എന്ന ലക്ഷ്യത്തോടെ രാജ്യം 72-മത് ആര്‍മി ദിനം ആചരിച്ചു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആര്‍മി ദിനം പ്രമാണിച്ച് പരേഡും ആഘോഷ പരിപാടികളും സംഘടിപ്പിച്ചു. 1949 ല്‍ സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സൈനിക തലവനായി ജനറല്‍ കെ എം കരിയപ്പ സ്ഥാനമേറ്റതിന്റെ ഓര്‍മയ്ക്കായാണ് ജനുവരി 15 ആര്‍മി ഡേ ആയി ആഘോഷിക്കുന്നത്. രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ ധീര സൈനികരുടെ ഓര്‍മ പുതുക്കല്‍ ദിവസം കൂടിയാണ് ആര്‍മി ഡേ. ഡല്‍ഹിയിലെ കരിയപ്പ പരേഡ് മൈതാനത്ത് സൈനിക പരേഡുകള്‍ സംഘടിപ്പിച്ചു. ധീരത അവാര്‍ഡുകളും സേന മെഡലുകളും ചടങ്ങില്‍ വിതരണം ചെയ്തു. ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയിലും ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. രാജ്യത്തെ ആദ്യത്തെ പ്രതിരോധ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് പങ്കെടുക്കുന്ന ആദ്യ ആര്‍മി ഡേ പരേഡെന്ന പ്രത്യേകതയും ഇത്തവണത്തെ ആഘോഷങ്ങള്‍ക്ക് ഉണ്ട്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആദ്യത്തെ കമാന്‍ഡര്‍ ഇന്‍ചീഫ്
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആദ്യത്തെ കമാന്‍ഡര്‍ ഇന്‍ചീഫ് ആയിരുന്നു കോഡന്ദേര കിപ്പര്‍ മഡപ്പ കരിയപ്പ എന്ന കെ എം കരിയപ്പ. ഫീല്‍ഡ് മാര്‍ഷല്‍ ഓഫ് ഇന്ത്യ എന്ന പദവി ലഭിച്ച രണ്ട് പേരില്‍ ഒരാളാണ് കെ എം കരിയപ്പ. ഫീല്‍ഡ് മാര്‍ഷല്‍ സാം മനേകഷായാണ് പരമോന്നത ഫീല്‍ഡ് മാര്‍ഷല്‍ ബഹുമതി ലഭിച്ച രണ്ടാമത്തെയാള്‍. യുകെയിലെ കേംബര്‍ലിയിലെ ഇംപീരിയല്‍ ഡിഫന്‍സ് കോളജില്‍ പരിശീലനത്തിന് തെരഞ്ഞെടുത്ത ആദ്യ രണ്ട് ഇന്ത്യക്കാരില്‍ ഒരാളായിരുന്നു കെ എം കരിയപ്പ. ഇന്ത്യന്‍ ആര്‍മിയുടെ കമാന്‍ഡര്‍ഇന്‍ചീഫ് ആയി ചുമതലയേല്‍ക്കുന്നതിന് മുന്‍പ് കരിയപ്പ ഇന്ത്യന്‍ സൈന്യത്തിന്റെ ഈസ്റ്റേണ്‍, വെസ്റ്റേണ്‍ കമാന്‍ഡുകളുടെ കമാന്‍ഡറായി സേവനമനുഷ്ഠിച്ചു.
പരേഡ് നയിച്ചത് ടാനിയ സെര്‍ഗില്‍
ഈ വര്‍ഷത്തെ ആര്‍മി ഡേ പരേഡില്‍ സൈന്യത്തെ നയിച്ചത് വനിതാ ആര്‍മി ഓഫീസര്‍ ക്യാപ്റ്റന്‍ ടാനിയ സെര്‍ഗിലാണ്. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡിനും ടാനിയ തന്നെയാണ് നേത്യത്വം നല്‍കുന്നത്. ടാനിയയുടെ പിതാവും ആര്‍മിയില്‍ സേവനം അനുഷ്ടിച്ചിരുന്നു. പഞ്ചാബ് സ്വദേശിനിയാണ് ടാനിയ സെര്‍ഗില്‍.
Story Highlights- The nation celebrated its 72nd Army Day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here