Advertisement

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം നാളെ തിരുവനന്തപുരത്ത്

January 16, 2020
Google News 1 minute Read

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം നാളെ തിരുവനന്തപുരത്ത് ആരംഭിക്കും. ഭരിക്കുന്ന ഏകസംസ്ഥാനമായ കേരളം നിയമഭേദഗതിക്കെതിരെ കോടതിയെ വരെ സമീപിച്ച സാഹചര്യത്തില്‍ തുടര്‍സമരങ്ങള്‍ക്ക് യോഗം രൂപം നല്‍കും. അതേസമയം, യുഎപിഎ ഉള്‍പ്പെടെയുള്ള വിവാദവിഷയങ്ങള്‍ കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്‌തേക്കില്ല.

മൂന്നു ദിവസങ്ങളിലായി തിരുവനന്തപുരം വിളപ്പില്‍ശാലയിലെ ഇഎംഎസ് അക്കാദമിയിലാണ് കേന്ദ്രകമ്മിറ്റി യോഗം ചേരുന്നത്. പൗരത്വനിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയെ സമീപിച്ചതിനു ശേഷമുള്ള സാഹചര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. കേരളത്തോടുള്ള കേന്ദ്ര അവഗണനക്കും പൗരത്വഭേദഗതി നിയമത്തിനുമെതിരായ പ്രക്ഷോഭപരിപാടികള്‍ തീരുമാനിക്കുകയാണ് പ്രധാന അജണ്ട.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകള്‍ക്ക് രാജ്യമെമ്പാടും സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ക്കിടയില്‍ ലഭിക്കുന്ന സ്വീകാര്യത പാര്‍ട്ടി തിരിച്ചറിയുന്നുണ്ട്. ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്താനായതും, നിയമസഭ പ്രമേയം പാസാക്കിയതും നേട്ടമായി കാണുന്നു. 26ന് നടക്കാനാരിക്കുന്ന മനുഷ്യമഹാശൃംഖലക്ക് പരമാവധി മതസാമുദായിക നേതൃത്വങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതിനുള്ള ചര്‍ച്ചകളും യോഗത്തിലുണ്ടാകും.

സംസ്ഥാനത്ത് കേന്ദ്രകമ്മിറ്റി നടക്കുമ്പോഴൊക്കെ വാര്‍ത്തയാകാറുള്ള കേരളഘടകത്തിലെ പ്രശ്‌നങ്ങള്‍ ഇത്തവണ ഉണ്ടാകില്ല. കോഴിക്കോട് വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതില്‍ മുഖ്യമന്ത്രിയും കേന്ദ്രനേതൃത്വവും രണ്ടുതട്ടിലാണ്. എന്നാല്‍ വിഷയം ഉന്നയിക്കപ്പെടാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. അമേരിക്കയില്‍ ചികില്‍സയിലുള്ള കോടിയേരി ബാലകൃഷ്ണന്റെ അഭാവത്തിലായിരിക്കും യോഗം. അനാരോഗ്യം മൂലം വിശ്രമിക്കുന്ന വിഎസ് അച്യുതാനന്ദനും പങ്കെടുത്തേക്കില്ല. ഇഎംഎസ് അക്കാദമിയില്‍ തന്നെയാണ് ഭൂരിഭാഗം കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍ക്കുള്ള താമസവും ഒരുക്കിയിരിക്കുന്നത്.

Story Highlights: CPIM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here