പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ പോരാട്ടങ്ങൾക്ക് പിന്തുണ സമസ്തയുടെ പൂർണ

പൗരത്വ നിയമ ഭേദഗതിക്കെതിരെ മുഖ്യമന്ത്രി നടത്തുന്ന പോരാട്ടങ്ങൾക്ക് സമസ്ത പൂർണ പിന്തുണ നൽകുമെന്ന് ജിഫ്രി മുത്തുകോയ തങ്ങൾ. മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും ജനങ്ങൾക്ക് ധൈര്യം നൽകുന്നതാണെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
മലപ്പുറത്ത് സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ റാലിയിൽ അധ്യക്ഷ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണഘടന സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ഭരണഘടന സംരക്ഷണ മഹാറാലി സംഘടിപ്പിച്ചത്. അധ്യക്ഷ പ്രഭാഷണം നിർവഹിച്ച സമസ്ത അധ്യക്ഷൻ ജിഫ്രി മുത്ത് കോയ തങ്ങൾ പൗരത്വ നിയമ ഭേദഗതിരെ മുഖ്യമന്ത്രി നടത്തുന്ന പ്രവർത്തനങ്ങൾക്ക് അഭിനന്ദിക്കുകയും ചെയ്തു. ധീരമായ നിലപാട് സ്വീകരിക്കുന്നതിനും ജനങ്ങൾക്ക് ധൈര്യം നൽകുന്നതിനും മുഖ്യമന്ത്രിക്ക് കഴിഞ്ഞുവെന്ന് ജിഫ്രി തങ്ങൾ പറഞ്ഞു.
സിപിഎം നേതൃത്വത്തിലുള്ള സമ്മേളനത്തിൽ പങ്കെടുക്കരുതെന്ന ലീഗ് നിർദേശം അംഗീരിക്കില്ലെന്ന് സമസ്ത നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇത് ആവർത്തിച്ചയിരുന്നു ജിഫ്രി തങ്ങളുടെ സാന്നിധ്യവും പ്രഭാഷണവും. സമസ്ത മുഖ്യമന്ത്രിയുമായി അടുക്കുന്നതും പരിപാടികളിൽ സഹകരിക്കുന്നതും അനിഷ്ടത്തോടെയാണ് ലീഗ് നോക്കി കാണുന്നത്.
മലപ്പുറത്തെ സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ചരിത്രങ്ങൾ പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം. ഈ മണ്ണിന്റെ ചരിത്രം ആഭ്യന്തര മന്ത്രിക്ക് അറിയില്ലന്നും ഇവിടത്തെ ആർഎസ്എസ് പ്രവർത്തകർ അത് ആഭ്യന്തര മന്ത്രിക്ക് പറഞ്ഞു കൊടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നൂറു കണക്കിന് പേരാണ് ഭരണഘടന സംരക്ഷണ റാലിയിൽ പങ്കെടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here