പാലാ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കോടികള്‍ മുടക്കി നിര്‍മിച്ച പുതിയ കെട്ടിടത്തില്‍ ചോര്‍ച്ച

കോടികള്‍ മുടക്കി നിര്‍മാണം പൂര്‍ത്തിയാക്കിയ പാലാ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ചോര്‍ച്ച. നിര്‍മാണം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചു.
മഹാത്മാ ഗാന്ധി മെമ്മോറിയല്‍ പാലാ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് പുതിയ കെട്ടിടം പൂര്‍ത്തീകരിച്ചത് പിഡബ്ല്യൂഡി ബില്‍ഡിംഗ് വിഭാഗമാണ്. നിര്‍മാണത്തിന് ശേഷം ഗ്യാരന്റി കാലാവധി കൂടി പിന്നിട്ടതോടെ തങ്ങള്‍ക്ക് ഉത്തരവാദിത്വം ഇല്ലെന്ന നിലപാടിലാണ് പിഡബ്ല്യൂഡി. 2017 ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയതാണെങ്കിലും ഇതുവരെ ഉദ്ഘാടനം നടത്തിയിട്ടില്ല. കെട്ടിടത്തില്‍ ചോര്‍ച്ചയുണ്ടെന്ന് ആറുമാസം മുന്‍പ് തന്നെ അധികൃതര്‍ നഗരസഭയ്ക്ക് പരാതി നല്‍കിയിരുന്നതാണ്. 2014 ല്‍ നിര്‍മാണം പൂര്‍ത്തീകരിച്ചെന്നാണ് പിഡബ്ല്യൂഡി പറയുന്നത്.
എന്നാല്‍ 2017 ലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയതെന്ന് വൈസ് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. നിര്‍മാണത്തില്‍ ഗുരുതരമായ അപാകതകള്‍ ഉണ്ടെന്നും വിജിലന്‍സ് അന്വേഷണം വേണമെന്നുമുള്ള നിര്‍ദേശം കൗണ്‍സില്‍ അംഗീകരിച്ചു.
പിഡബ്ല്യൂഡി മന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും വിഷയം ധരിപ്പിക്കാനും യോഗം തീരുമാനിച്ചു. ആദ്യം പണിതീര്‍ത്ത കെട്ടിടത്തിലാണ് ചോര്‍ച്ച കണ്ടെത്തിയത്. സ്‌കൂള്‍ കെട്ടിടത്തില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ യോഗം പിഡബ്ല്യൂഡിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here