ടൂറിസം പേജിലെ ബീഫ് വിവാദം; പ്രതികരണവുമായി മന്ത്രി കടകംപളളി സുരേന്ദ്രൻ
കേരള ടൂറിസം ട്വിറ്റർ പേജിലെ ബീഫ് വിവാദത്തിൽ പ്രതികരണവുമായി ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രൻ. പേജിൽ പോർക്ക് അടക്കമുള്ള വിഭവങ്ങളുടെ ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. എന്തിനെയും വർഗീയമാക്കാൻ ശ്രമിക്കുന്ന വർഗീയ ഭ്രാന്തന്മാരാണ് വിവാദം ഉണ്ടാക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു. കേരള ടൂറിസത്തിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിൽ പ്രസിദ്ധീകരിച്ച ബീഫ് ഉലര്‍ത്തിയതിന്‍റെ ചിത്രം, മതവികാരം വൃണപ്പെടുത്തിയെന്നാണ് ചിലരുടെ വാദം.
കഴിഞ്ഞ ബുധനാഴ്ചയാണ് കേരള ടൂറിസം ബീഫ് ഉലര്‍ത്തിയതിന്‍റെ ചിത്രവും വിഭവത്തെ വര്‍ണ്ണിച്ചു കൊണ്ടുള്ള വിവരണവും ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പ്രസിദ്ധീകരിച്ചത്. ദേശീയ തലത്തിലടക്കം വലിയ വിവാദമായി ട്വീറ്റ് മാറി.
മകരസംക്രാന്തി ദിവസങ്ങളിൽ ബീഫ് വിഭവത്തിന്‍റെ ചിത്രം പ്രസിദ്ധീകരിച്ച നടപടി ഹിന്ദു മതവികാരം വൃണപ്പെടുത്തുന്നതെന്ന് പ്രതികരണങ്ങളുയർന്നു. മറ്റു സംസ്ഥാനങ്ങളിൽ ആളുകള്‍ മകരസംക്രാന്തി, പൊങ്കൽ, ബിഹു തുടങ്ങിയ വിശേഷദിവസങ്ങള്‍ ആചരിക്കുന്ന സാഹചര്യത്തിൽ, ബീഫ് വിഭവത്തെക്കുറിച്ചുള്ള ട്വീറ്റ് ശരിയായില്ലെന്നും രൂക്ഷമായ ഭാഷയിൽ റീ ട്വീറ്റുകളുണ്ടായി. നടപടിയിൽ കേരള സർക്കാരിനോട് വിശദീകരണം ചോദിക്കണമെന്ന് വിഎച്ച്പി നേതാവ് വിനോദ് ബൻസൽ ആവശ്യപ്പെട്ടു. കേരള സർക്കാർ ഹിന്ദുക്കൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് കർണാടക ബിജെപി ജനറൽ സെക്രട്ടറി ശോഭ കരന്ദലജെ പ്രതികരിച്ചിരുന്നു.
പെരുന്നാളിന് പോർക്കും മകരം ഒന്നിന് ബീഫും പങ്കുവെക്കുന്നത് ഒഴിവാക്കണമെന്നും വിശ്വാസത്തിൻ്റെ കാര്യത്തിൽ സാംസ്കാരിക ബോധം ഉണ്ടാവണമെന്നും രാഹുൽ ഈശ്വർ കുറിച്ചു. തമിഴ്നാട് ബിജെപി യൂത്ത് വിംഗ് നേതാവ് എസ്ജി സൂര്യയും ട്വീറ്റിനെ വിമർശിച്ചു. ഒരു വർഷം തമിഴ്നാട് സന്ദർശിക്കുന്നവർ 61 ലക്ഷം പേരെങ്കിൽ കേരളം സന്ദർശിക്കുന്നത് വെറും 11 ലക്ഷം പേരാണെന്നും ഹിന്ദുക്കളെ അപമാനിക്കുന്നത് നിർത്തണമെന്നും സൂര്യ പറഞ്ഞു.
ഈ പശ്ചാത്തലത്തിലാണ് വകുപ്പ് മന്ത്രി തന്നെ മറുപടിയുമായെത്തിയത്. കേരള ടൂറിസത്തിന്റെ മാർക്കറ്റിംഗ് സംവിധാനം മികച്ചതാണെന്നും ബീഫ് എന്നാൽ പശുവിറച്ചി മാത്രം എന്ന് തെറ്റിദ്ധരിപ്പിക്കുന്നത് ഗൂഢലക്ഷ്യത്തോടെയാണെന്നും മന്ത്രി വിശദീകരിച്ചു. അതേ സമയം ബീഫ് ട്വീറ്റിനെ അനുകൂലിച്ച് മലയാളികളടക്കമുള്ള വലിയ വിഭാഗവും സോഷ്യൽ മീഡിയയിൽ കളം നിറഞ്ഞിട്ടുണ്ട്.
Stroy Highlights: Beef, Kerala Torism, Kadakampally Surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here