ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നതായി അന്താരാഷ്ട്ര നാണയ നിധിയുടെ റിപ്പോർട്ട്

ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ മുന്നറിയിപ്പ്. ഇനി ഒരു സാമ്പത്തിക തകർച്ച ഉണ്ടായാൽ 1929-ലെതിന് സമാനമാകും അവസ്ഥയെന്ന് അന്താരാഷ്ട്ര നാണയ നിധി അധ്യക്ഷ ക്രിസ്റ്റലീന ജോർജിയേവ വ്യക്തമാക്കുന്നു.
വാഷിംഗ്ടണിലെ പീറ്റേഴ്സൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ ഇക്കണോമിക്സിൽ സംസാരിക്കുകവേ ആണ് ക്രിസ്റ്റലീന ജോർജിയേവ അപ്രിയകരമായ വസ്തുതകളിലേക്ക് ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചത്.
1929-ലെ സാമ്പത്തിക തകർച്ചയെ ഒർമിച്ച് കൊണ്ടായിരുന്നു അവരുടെ നിലപാടുകൾ. കഴിഞ്ഞ രണ്ട് ദശകങ്ങളിൽ രാജ്യങ്ങൾ തമ്മിലുള്ള അസമത്വത്തിന്റെ വിടവ് കുറഞ്ഞു. എന്നാൽ, രാജ്യങ്ങൾക്കുള്ളിൽ അത് ഭീകരമാം വിധം വർധിച്ചു. പല രാജ്യങ്ങളിലും വർധിച്ചുവരുന്ന അസമത്വം കണക്കിലെടുക്കുമ്പോൾ അനിശ്ചിതത്വം ബിസിനസുകളെ മാത്രമല്ല വ്യക്തികളെയും ബാധിക്കുമെന്ന് ഐഎംഎഫ് മേധാവി വ്യക്തമാക്കി.
കാലാവസ്ഥാ അടിയന്തിരാവസ്ഥ, വ്യാപാര സംരക്ഷണവാദം എന്നിവ പോലുള്ള പുതിയ പ്രശ്‌നങ്ങൾ അടുത്ത 10 വർഷങ്ങളിൽ സാമൂഹികമായ അശാന്തിക്കും സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടത്തിനും കാരണമാകുമെന്നും അവർ മുന്നറിയിപ്പ് നൽകി.
അമേരിക്കയും യൂറോപ്പും തമ്മിൽ ഇപ്പോഴും തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ആഗോള വ്യാപാര സമ്പ്രദായത്തിൽ കാര്യമായ നവീകരണം ആവശ്യമാണെന്നും ജോർജിയേവ പറഞ്ഞു. അസമത്വം വലിയ ജനകീയ രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്ക വഴിതുറക്കും മഹാ മാന്ദ്യകാലത്ത് നാം അനുഭവിച്ചതുപോലുള്ള വലിയ സാമ്പത്തിക മാന്ദ്യമാകും കടന്ന് വരികയെന്ന് ക്രിസ്റ്റലീന സൂചിപ്പിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here