കുട്ടനാട്ടിൽ സമാന വിഷയത്തിൽ രണ്ട് സമരങ്ങളുമായി ജോസഫും ജോസ് കെ മാണിയും

ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കുട്ടനാട്ടിൽ കാർഷിക വിഷയം മുൻനിർത്തി സമരങ്ങളുമായി കേരള കോൺഗ്രസുകാർ. കുട്ടനാട്ടിലെ കാർഷിക വിഷയങ്ങളിൽ ഇപ്പോൾ കേരള കോൺഗ്രസുകാർക്ക് ഇപ്പോൾ മൂന്നര വർഷമായി ഇല്ലാതിരുന്ന ആവേശമാണ്. ഇവരിപ്പോൾ നെല്ല് സംഭരണ വില കിട്ടാത്തതും കുട്ടനാട് പാക്കേജ് രണ്ടാം ഘട്ടവും കൃഷി നാശവുമൊക്കെ വിളിച്ചുപറയുകയാണ്.
മങ്കൊമ്പിൽ രാവിലെ ജോസഫ് വിഭാഗവും ഉച്ചക്ക് ജോസ് വിഭാഗവും ഒരേ വിഷയത്തിൽ പ്രതിഷേധ ധർണ നടത്തുന്നത് കണ്ട് ചിലരെങ്കിലും മൂക്കത്ത് വിരൽവെച്ചുപോയി എന്നതാണ് സത്യം. ജോസഫ് വിഭാഗം സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്ന ജേക്കബ് എബ്രഹാം രണ്ടാം കുട്ടനാട് പാക്കേജിന് വേണ്ടി ഉപവാസിച്ചു. പിന്തുണയുമായി എത്തിയ നേതാക്കൻന്മാരെല്ലാം കുട്ടനാട് സീറ്റ് തങ്ങൾക്ക് തന്നെയെന്ന് പ്രഖ്യാപിച്ചു. ഒപ്പം അധികാരകൊതിയിൽ പാർട്ടിയെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരെന്ന് ജോസ് വിഭാഗത്തിനെതിരെ രൂക്ഷ വിമർശനവും നടത്തി.
കർഷക പ്രശ്‌നങ്ങൾ കാണാത്ത സർക്കാരിനെതിരായ സമര പ്രഖ്യാപനമാണ് ജോസ് കെ മാണി വിഭാഗം സംഘടിപ്പിച്ചത്. കുട്ടനാട് സീറ്റിലേക്ക് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് ജോസായിരിക്കുമെന്നാണ് ഇക്കൂട്ടരുടെ അവകാശവാദം.
പാര്‍ട്ടിയുടെ ഔദ്യോഗിക ചേരി ആരെന്ന കാര്യത്തിൽ ഡിഎൻഎ ടെസ്റ്റ് വരെ നടക്കുന്നതിനിടെ ജോസഫ് വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ ആശംസയർപ്പിച്ച് ഡിസിസി പ്രസിഡന്റ് എം ലിജു എത്തിയത് വിവാദത്തിന് തിരികൊളുത്തി. സ്ഥാനാർത്ഥി പ്രഖ്യാപനം വരെ നടത്തിയ പരിപാടിയിൽ ലിജു എത്തിയത് കോൺഗ്രസ് ജോസഫ് വിഭാഗത്തെ പിന്തുണയ്ക്കുന്നതിന്റെ തെളിവാണെന്ന് പറയപ്പെടുന്നു.
kerala congress, kuttanad byelection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here