ജനങ്ങൾക്ക് അടിസ്ഥാന പൗരാവകാശം പോലും നിഷേധിച്ചിരിക്കുന്നു; കശ്മീരിൽ സ്ഥിതി ഭയാനകമാണെന്ന് യൂസഫ് തരിഗാമി

ജമ്മു കശ്മീരിലെ സ്ഥിതി ഭയാനകമാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം യൂസഫ് തരിഗാമി. ജനങ്ങൾക്ക് അടിസ്ഥാന പൗരാവകാശം പോലും നിഷേധിച്ചിരിക്കുകയാണ്. ജമ്മു കശ്മീരിലെ ജനങ്ങൾക്ക് രാജ്യത്തെ മറ്റു പ്രദേശവുമായുള്ള ഐക്യത്തിന്റെ അടിത്തറയാണ് കേന്ദ്ര സർക്കാർ തകർത്തതെന്നും തരിഗാമി കുറ്റപ്പെടുത്തി.
ആർട്ടിക്കിൾ 370 റദ്ദാക്കുക വഴി ഭരണഘടനയെ കേന്ദ്ര സർക്കാർ അട്ടിമറിച്ചു. രാജ്യത്തിന്റെ ഫെഡറൽ സംവിധാനം ആക്രമിക്കപ്പെട്ടു. ജനങ്ങളെ സർക്കാർ തെറ്റിദ്ധരിപ്പിച്ചു. കശ്മീരിലെ ജനങ്ങളെ അപമാനിച്ചു. രാഷ്ട്രീയ നേതാക്കളെ കസ്റ്റഡിയിൽ എടുത്തു. തെരുവുകളിൽ എവിടെയും ഇപ്പോഴും സൈന്യവും പൊലീസുമാണ്. മാധ്യമ പ്രവർത്തകരെ തുറന്നു പറയാൻ സമ്മതിക്കാത്തവിധം തടഞ്ഞിരിക്കുകയാണ്. ഇങ്ങനെയാണോ ജനാധിപത്യം സംരക്ഷിക്കുന്നതെന്നും തരിഗാമി ചോദിക്കുന്നു.
കേന്ദ്രമന്ത്രിമാർ കശ്മീർ സന്ദർശിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. 36 മന്ത്രിമാരിൽ 31 പേരും ജമ്മുവിലേക്കാണ് പോകുന്നത്. അഞ്ച് പേർ കശ്മീരിലേക്കും പോകും. ലഡാക്കിലേക്ക് പോകാൻ ആരുമില്ലെന്നും തരിഗാമി കൂട്ടിച്ചേർത്തു.വിളപ്പിൽശാലയിൽ നടക്കുന്ന സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിനെത്തിയപ്പോഴാണ് ജമ്മു കശ്മീരിലെ സ്ഥിതി തരിഗാമി വിശദീകരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here