ആൻഫീൽഡിൽ തോൽവിയറിയാതെ ലിവർപൂളിന്റെ ആയിരത്തൊന്നു രാവുകൾ

പ്രീമിയർ ലീഗിൽ തോൽവിയറിയാതെ മുന്നേറുകയാണ് ക്ലോപ്പിൻ്റെ ലിവർപൂൾ. ഇതുവരെ നടന്ന 22 മത്സരങ്ങളിൽ 21 ജയവും ഒരു സമനിലയുമടക്കം 64 പോയിൻ്റുമായി ലിവർപൂൾ എതിരാളികളെക്കാൾ ബഹുദൂരം മുന്നിലാണ്. പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് 48 പോയിൻ്റുകൾ മാത്രമേയുള്ളൂ എന്നതു കൂടി പരിഗണിക്കുമ്പോഴാണ് ലിവർപൂളിൻ്റെ പ്രകടനം എത്രത്തോളം മികച്ചതാണെന്ന് അറിയാൻ സാധിക്കൂ.

ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡുമായി നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ച ചെമ്പട മറ്റൊരു സവിശേഷകരമായ റെക്കോർഡ് കൂടി സ്ഥാപിച്ചു. ഇന്നലത്തെ ജയത്തോടെ ഹോംഗ്രൗണ്ടായ ആൻഫീൽഡിൽ 1001 ദിവസങ്ങളാണ് തോൽവിയറിയാതെ ലിവർപൂൾ പൂർത്തിയാക്കിയത്. യുർഗൻ ക്ലോപ്പ് എന്ന സൗമ്യനും കൗശലക്കാരനുമായ പരിശീലകനും ഒരുപിടി മികച്ച ഫുട്ബോളർമാരും കൂടി സമാനതകളില്ലാത്ത ചരിത്രമാണ് രചിച്ചു കൊണ്ടിരിക്കുന്നത്.

മൂന്നു വർഷങ്ങൾക്കു മുൻപാണ് ഏറ്റവും അവസാനമായി ലിവർപൂൾ ആൻഫീൽഡിൽ ഒരു മത്സരം പരാജയപ്പെടുന്നത്. 2017 ഏപ്രിൽ 23ന് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ക്രിസ്റ്റൽ പാലസിനോട് പരാജയപ്പെട്ട ലിവർപൂൾ പിന്നീട് ഇതുവരെ ഹോംഗ്രൗണ്ടിൽ ഒരു മത്സരം പോലും പരാജയപ്പെട്ടിട്ടില്ല. അന്ന് ക്രിസ്റ്റൽ പാലസിനായി രണ്ട് ഗോളുകളും നേടിയത് ലിവർപൂളിൻ്റെ മുൻ താരം ക്രിസ്റ്റ്യൻ ബെന്റക്കെയായിരുന്നു എന്നത് മറ്റൊരു രസകരമായ കാര്യമായിരുന്നു.

ക്രിസ്റ്റൽ പാലസിനോട് പരാജയപ്പെട്ടതിനു ശേഷം ആൻഫീൽഡിൽ ലിവർപൂൾ ആകെ കളിച്ചത് 51 മത്സരങ്ങളാണ്. 41ലും ജയിച്ച ക്ലോപ്പും സംഘവും ബാക്കിയുള്ള 10 മത്സരങ്ങൾ സമനില വഴങ്ങി.

Story Highlights: Liverpool FC, Premier League

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top