‘ലവ് ജിഹാദ് മതപരമായ പ്രശ്‌നമല്ല, സമൂഹത്തെ ബാധിക്കുന്ന വിഷയം’; വിശദീകരണക്കുറിപ്പുമായി സീറോ മലബാർ സഭ

പൗരത്വനിയമ ഭേദഗതി, ലൗ ജിഹാദ് വിഷയങ്ങളിൽ വിശദീകരണവുമായി സീറോ മലബാർ സഭ. വിഷയങ്ങളിൽ സിനഡിന്റെ നിലപാട് വിവാദമായതിന് പിന്നാലെയാണ് സഭ വിശദീകരണക്കുറിപ്പിറക്കിയത്. നിയമ ഭേദഗതിയെക്കുറിച്ചുള്ള നിലപാടിനെ സംഘപരിവാറിന് അനുകൂലമായി ചിത്രീകരിക്കുന്നതും ലവ് ജിഹാദിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതിനെ മുസ്ലീം സമുദായത്തിനെതിരെയുള്ള നീക്കമായി പ്രചരിപ്പിക്കുന്നതും സഭയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ്. ചർച്ചകളുടെ വെളിച്ചത്തിലാണ് ലവ് ജിഹാദിനെക്കുറിച്ചുള്ള സഭയുടെ ആശങ്ക സിനഡ് പ്രകടിപ്പിച്ചതെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.
Read Also: കേരളത്തിൽ ലൗ ജിഹാദ് യാഥാർത്ഥ്യമെന്ന് സിറോ മലബാർ സഭ സിനഡ്
സഭ മുസ്ലിം സമുദായത്തിന് എതിരല്ല. മതങ്ങൾ തമ്മിലുള്ള സൗഹൃദത്തെ ബാധിക്കുന്ന തരത്തിൽ ലവ് ജിഹാദിനെ സിനഡ് വിലയിരുത്തുന്നില്ല. ഈ വിഷയത്തെ മതപരമായി വ്യാഖ്യാനിക്കുന്നതിന് പകരം പൊതുസമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ക്രമസമാധാനപ്രശ്‌നമായി മനസിലാക്കി നിയമപാലകർ നടപടിയെടുക്കണമെന്നാണ് സിനഡ് ആവശ്യപ്പെട്ടത്.
സിനഡ് സമ്മേളനത്തിൽ പൗരത്വ ഭേദഗതി നിയമത്തക്കുറിച്ചുള്ള വിശദമായ ചർച്ചകൾക്ക് ശേഷമാണ് നിയമത്തക്കുറിച്ചുള്ള സഭയുടെ നിലപാട് രൂപപ്പെടുത്തിയത്. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവിലുള്ള ആശങ്കകൾ പരിഹരിക്കാൻ കേന്ദ്രസർക്കാർ മുന്നോട്ട് വരണമെന്നും സഭ അഭിപ്രായപ്പെട്ടു. സംഘപരിവാറിന്റേത് ക്രൈസ്തവ വിരുദ്ധ നിലപാടാണെന്നും ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവരെ പീഡിപ്പിക്കുന്ന അവസ്ഥയാണുള്ളതെന്നും വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തി.
syro malabar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here