Advertisement

റൂം ഹീറ്ററില്‍ നിന്ന് കാര്‍ബണ്‍ മോണോക്‌സൈഡ് ഉയരുന്നതെങ്ങനെ [ 24 Explainer]

January 21, 2020
Google News 1 minute Read

നേപ്പാളില്‍ എട്ട് മലയാളികള്‍ വിഷവാതകം ശ്വസിച്ച് മരിച്ച സംഭവത്തിന് ശേഷം നിരവധി ചോദ്യങ്ങളും സംശയങ്ങളുമാണ് നമ്മുടെ മനസില്‍ ഉയര്‍ന്നുവന്നത്. റൂം ഹീറ്ററുകളില്‍ നിന്ന് എങ്ങനെയാണ് വിഷവാതകം പുറത്ത് വരുന്നത് ? ഒന്ന് നിലവിളിക്കാന്‍ കൂടി സാധിക്കാതെ എങ്ങനെയാണ് ആളുകള്‍ ഉറക്കത്തിനിടയില്‍ തന്നെ മരിച്ച് പോവുന്നത് ? തീ കത്തിക്കുമ്പോള്‍ സാധാരണമായുണ്ടാവുന്ന കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചാല്‍ ആളുകള്‍ മരിക്കുമോ ? കാര്‍ബണ്‍ മോണോക്‌സൈഡുമായി ബന്ധപ്പെട്ട ശാസ്ത്രീയ വിശദീകരണം ഇതാ…

എന്താണ് കാര്‍ബണ്‍ മോണോക്‌സൈഡ് ?

മനുഷ്യരെ വളരെയധികം ബാധിക്കുന്ന വിഷാംശമുള്ള വാതകമാണ് കാര്‍ബണ്‍ മോണോക്‌സൈഡ് . നിറമോ മണമോ രുചിയോ ഇല്ലാത്തതിനാല്‍ നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ ഉപയോഗിച്ച് കണ്ടെത്തുന്നത് അസാധ്യമാണ്. അതുകൊണ്ട് ഡിറ്റക്ടറുകള്‍ ഉപയോഗിച്ച് മാത്രമേ കാര്‍ബണ്‍ മോണോക്‌സൈഡിന്റെ സാന്നിദ്ധ്യം കണ്ടെത്താന്‍ സാധിക്കു.

കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് സൃഷ്ടിക്കാന്‍ വേണ്ടത്ര ഓക്‌സിജന്‍ ഇല്ലാത്തപ്പോള്‍ കാര്‍ബണ്‍ അടങ്ങിയ സംയുക്തങ്ങളുടെ ഭാഗിക ഓക്‌സീകരണത്തില്‍ നിന്നാണ് കാര്‍ബണ്‍ മോണോക്‌സൈഡ് രൂപപ്പെടുന്നത്. അതിനാല്‍ മരം, പ്രൊപ്പെയ്ന്‍, ഗ്യാസോലിന്‍ അല്ലെങ്കില്‍ എണ്ണ എന്നിവപോലുള്ള ഒരു ഇന്ധനം കത്തുമ്പോള്‍ ഇതില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും കാര്‍ബണ്‍ മോണോക്‌സൈഡ് വാതകം ഉയരാം. വീട്ടുപകരണങ്ങള്‍ കേടായതോ വളരെ പഴയതോ ആണെങ്കില്‍, ഉത്പാദിപ്പിക്കുന്ന കാര്‍ബണ്‍ മോണോക്‌സൈഡ് വാതകത്തിന്റെ അളവ് വളരെ ഉയര്‍ന്നതായിരിക്കാം.

എന്തുകൊണ്ടാണ് കാര്‍ബണ്‍ മോണോക്‌സൈഡ് വിഷവാതകമാവുന്നത്?

നമ്മുടെ ശരീരത്തിന് ചുറ്റുമുള്ള ഓക്‌സിജനെ വിവിധ ടിഷ്യൂകളിലേക്കും അവയവങ്ങളിലേക്കും എത്തിക്കുന്നതിന് കാരണമാകുന്ന തന്മാത്രയാണ് ഹീമോഗ്ലോബിന്‍. കാര്‍ബണ്‍ മോണോക്‌സൈഡ് ഈ തന്മാത്രകളിലുള്ള ഓക്‌സിജന് പകരം സംയോജിച്ച് കാര്‍ബോക്‌സിഹൈമോഗ്ലോബിന്‍ ആയി മാറുന്നു. നമ്മുടെ ടിഷ്യൂകളിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്നതിന് കാര്‍ബോക്‌സിഹൈമോഗ്ലോബിന്‍ തടസമാവുന്നു. ഇത് മനുഷ്യരെ കോമ അവസ്ഥയിലേക്കോ മരണത്തിലേക്കോ നയിക്കും. അന്തരീക്ഷത്തില്‍ സ്വാഭാവികമായി ഉണ്ടാകുന്ന കാര്‍ബണ്‍ മോണോക്‌സൈഡിന്റെ അളവ് 0.1 പിപിഎം ആണ്. ശരീരത്തിന് താങ്ങാനാവുന്നതില്‍ കൂടുതല്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിക്കുമ്പോള്‍ രക്തത്തിലെ ഒക്‌സിജന്റെ അളവ് കുറയുകയും മരണത്തിന് കാരണമാവുകയും ചെയ്യുന്നു

ജനലടച്ച് ഹീറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നത് അപകടം

തണുപ്പുകാലത്ത് ജനല്‍ അടച്ച് ഹീറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നത് അപകടങ്ങള്‍ വിളിച്ച് വരുത്തും
പുറത്തുനിന്നുള്ള വായുവിന് പകരം മുറിക്കകത്തുള്ള വായുവിനെ ചൂടുപിടിപ്പിക്കുകയാണ് റൂം ഹീറ്റര്‍ ചെയ്യുന്നത്. അപ്പോള്‍ റൂമിനകത്തെ ഓക്‌സിജന്റെ അളവ് കുറയുന്നു. ആ ഘട്ടത്തില്‍ കൂടുതല്‍ ശ്വസിക്കുക ഓക്‌സിജന് പകരം കാര്‍ബണ്‍ മോണോക്‌സൈഡ് ആയിരിക്കും. ഈ കാര്‍ബണ്‍ മോണോക്‌സൈഡ് ഓക്‌സിജന്‍ വഹിക്കുന്നതില്‍നിന്ന് രക്തകോശങ്ങളെ തടയുന്നു. അത് തലച്ചോറിനെയും ഹൃദയത്തെയും ബാധിക്കും. വേണ്ടത്ര ഓക്‌സിജന്‍ കിട്ടാതെ ശരീരഭാഗങ്ങളെല്ലാം തളരുന്നു.

മണ്ണെണ്ണ, പ്രകൃതിവാതകങ്ങള്‍, വൈദ്യുതി എന്നിവയിലാണ് മിക്ക ഹീറ്ററുകളും പ്രവര്‍ത്തിക്കുന്നത്. ആധുനിക ഹീറ്ററുകളില്‍ ഓക്‌സിജന്‍ മീറ്ററുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഒരു മുറിയിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞാല്‍ തിരിച്ചറിയുകയും ഹീറ്റര്‍ ഓഫാക്കുകയും ചെയ്യുന്ന രീതിയിലാണ് ഈ ഹീറ്ററുകളുടെ പ്രവര്‍ത്തനം. ഓക്‌സിജന്‍ മീറ്റര്‍ ഇല്ലാത്ത ഹീറ്ററുകളെ കൂടുതല്‍ ശ്രദ്ധികണമെന്ന് സാരം. തണുപ്പിനെ മറികടക്കാന് മുറിയടച്ച് ഹീറ്ററിട്ട് കിടക്കുന്നത് അപകടം സാധ്യത കൂട്ടും. അടഞ്ഞുകിടക്കുന്ന മുറിയില്‍ ഹീറ്റര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഓക്‌സിജന്‍ പൂര്‍ണമായും ഇല്ലാതാകും. മുറിക്കകത്തുള്ളവര്‍ ഉറക്കത്തിലായാല്‍ കാര്‍ബണ്‍ മോണോക്‌സൈഡ് നിറയുന്നത് അറിയാന്‍ സാധിക്കില്ല. ഉറക്കത്തില്‍ തന്നെ മരണം സംഭവിക്കും. ഇതാണ് കാഠ്മണ്ഡുവില്‍ മലയാളി കുടുംബത്തിന്റെ അപകട മരണത്തിനും കാരണം എന്നാണ് നിഗമനം.

 

Story Highlights- carbon monoxide rises from the room heater

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here