ഇഷാന്തിനു പരുക്ക്; ന്യൂസിലൻഡ് പര്യടനത്തിൽ ആശങ്ക

ഇന്ത്യൻ ടെസ്റ്റ് ടീമിലെ അനിഷേധ്യ സാന്നിധ്യമായ ഇഷാന്ത് ശർമ്മക്ക് പരുക്ക്. ഡൽഹിയുടെ താരമായ ഇഷാന്തിന് വിദർഭക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനിടെയാണ് പരുക്കേറ്റത്. പരുക്കേറ്റതോടെ വലം കയ്യൻ പേസറായ താരത്തിൻ്റെ ന്യൂസിലൻഡ് പര്യടനത്തിൻ്റെ കാര്യത്തിലും ആശങ്ക നിലനിൽക്കുകയാണ്.
വിദർഭക്കെതിരെ ബൗൾ ചെയ്തു കൊണ്ടിരുന്ന ഇഷാന്ത് പന്തെറിഞ്ഞതിനു ശേഷം വിദർഭ ക്യാപ്റ്റൻ ഫേസ് ഫസലിനെതിരെ ലെഗ് ബിഫോർ വിക്കറ്റ് അപ്പീൽ ചെയ്യാൻ ചെയ്യാൻ വേണ്ടി തിരിഞ്ഞപ്പോഴാണ് പരുക്കേറ്റത്. കണങ്കാലിനു പരുക്കേറ്റ ഇഷാന്ത് ഗ്രൗണ്ടിൽ വീഴുകയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ താരത്തെ മെഡിക്കൽ ടീമാണ് ഗ്രൗണ്ടിനു പുറത്തെത്തിച്ചത്.
ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഇശാന്ത് ഉൾപ്പെടാനുള്ള എല്ലാ സാധ്യതകളും നിലനിന്നിരുന്നു. സമീപകാലത്തായി ഇഷാന്ത് ടെസ്റ്റ് മത്സരങ്ങളിൽ കാഴ്ച വെക്കുന്ന സ്ഥിരത ഇതിനു ശക്തി പകർന്നിരുന്നു. അതിനിടെയാണ് പരുക്ക് പറ്റിയത്.
രണ്ട് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയിൽ ഉള്ളത്.
നേരത്തെ ന്യൂസിലൻഡിനെതിരായ ടി-20 ടീമിനെ സെലക്ടർമാർ തിരഞ്ഞെടുത്തിരുന്നു. ഉടൻ ഏകദിന, ടെസ്റ്റ് ടീമുകളും പ്രഖ്യാപിക്കും. ടി-20 ടീമിൽ, ശ്രീലങ്കൻ പരമ്പരയിൽ വിശ്രമം അനുവദിച്ചിരുന്ന വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ ടീമിലേക്ക് തിരികെ എത്തിയപ്പോൾ മലയാളി താരം സഞ്ജു സാംസണെ പരിഗണിച്ചില്ല. രോഹിതിനൊപ്പം മുഹമ്മദ് ഷമിയും തിരികെയെത്തി.
ഓസ്ട്രേലിയക്കെതിരായ അവസാന ഏകദിനത്തിൽ പരുക്കേറ്റ ധവാൻ ടീമിനു പുറത്തായേക്കുമെന്ന സൂചനയുണ്ട്. അങ്ങനെയെങ്കിൽ സഞ്ജു സാംസൺ ടീമിലെത്തിയേക്കും.
Story Highlights: Ishant Sharma, Injury
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here