Advertisement

ഓടക്കാലി സെന്റ് മേരീസ് പള്ളി തർക്കം; ദേവാലയം ഏറ്റെടുക്കാനുള്ള ശ്രമത്തിൽ നിന്ന് പൊലീസ് പിൻവാങ്ങി

January 21, 2020
Google News 2 minutes Read

പെരുമ്പാവൂർ ഓടക്കാലി സെന്റ് മേരീസ് പള്ളി ഏറ്റെടുക്കാനുള്ള ശ്രമത്തിൽ നിന്ന് പൊലീസ് പിൻവാങ്ങി. യാക്കോബായ വിശ്വാസികൾ പ്രതിരോധിച്ചതോടെയാണ് പൊലീസിന്റെ പിന്മാറ്റം. ക്രമസമാധാന പ്രശ്‌നമുള്ളതിനാൽ പള്ളി ഏറ്റെടുക്കാനായില്ലെന്ന് കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകും.

സുപ്രിം കോടതി വിധി നടപ്പാക്കി റിപ്പോർട്ട് നൽകണമെന്ന ജില്ലാ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് രാവിലെ 7 മണിയോടെ പൊലീസ് ഓടക്കാലി പള്ളിയിലെത്തിയത്. പള്ളിക്കകത്ത് യാക്കോബായ വിശ്വാസികളും വൈദികരുമുൾപെടെ നൂറ് കണക്കിന് പേർ തമ്പടിച്ചിരുന്നു. ഇവർ പൊലീസിനെ പ്രതിരോധിച്ചു. ഇതോടെ പൂട്ടിയിട്ടിരുന്ന ഗേറ്റ് കട്ടർ ഉപയോഗിച്ച് തകർത്ത് പൊലീസ് അകത്ത് കടന്നു. ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ നീക്കം ചെയ്യാൻ ശ്രമിച്ചു. ഇതോടെ സംഘർഷ സാഹചര്യം ഉടലെടുത്തു. പൊലീസും വിശ്വാസികളും തമ്മിൽ ഏറ്റുമുട്ടലിന്റെ വക്കോളമെത്തി കാര്യങ്ങൾ.

ബലപ്രയോഗം ഉപേക്ഷിച്ച പെരുമ്പാവൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിഷേധക്കാരുമായി ചർച്ച നടത്തി. വിധി നടത്തിപ്പിന് സഹകരിക്കണമെന്നാവശ്യപ്പെട്ടു. എന്നാൽ ഫലം കണ്ടില്ല. പ്രതിഷേധക്കാർ പള്ളിക്കകത്തും പൊലീസ് പള്ളി കോമ്പൗണ്ടിലും തുടർന്നു. വൈകിട്ട് 6 മണിയോടെ പുറത്ത് നിന്നെത്തിയ നൂറ് കണക്കിന് യാക്കോബായ വിശ്വാസികൾ പൊലീസിന്റെ വിലക്ക് മറികടന്ന് പള്ളിക്കുള്ളിൽ കടന്നു. ഇതോടെ സംഘർഷ സാഹചര്യം ഉടലെടുത്തു. ഒടുവിൽ മണിക്കൂറുകൾ നീണ്ട ശ്രമം ഉപേക്ഷിച്ച് പൊലീസ് പിന്മാറുകയായിരുന്നു. ക്രമസമാധാന പ്രശ്‌നമുള്ളതിനാൽ  പള്ളിയേറ്റെടുക്കുന്നതിന് സാവകാശം തേടി ജില്ലാക്കോടതിയിൽ പൊലീസ് നാളെ റിപ്പോർട്ട് നൽകും.

Story Highlights- St. Mary’s Church dispute at Oudkali; The police withdrew

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here