പൗരത്വ നിയമ ഭേദഗതി സ്റ്റേ ചെയ്യാൻ വാദിച്ചിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി; ജനങ്ങൾക്ക് നിരാശപ്പെടേണ്ടി വരില്ലെന്ന് ചെന്നിത്തല

പൗരത്വ നിയമ ഭേദഗതി സ്റ്റേ ചെയ്യാൻ വാദിച്ചിട്ടില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി. കപിൽ സിബൽ സ്റ്റേക്ക് പ്രാധാന്യം നൽകിയിട്ടില്ലെന്നും നടപ്പാക്കുന്നത് നിർത്തിവയ്ക്കാനാണ് ആവശ്യപ്പെട്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഒരിക്കൽ പൗരത്വം നൽകിയാൽ തിരിച്ചെടുക്കാൻ സാധിക്കില്ല. അതുകൊണ്ട് ഈ നടപടി ഇപ്പോൾ നടപ്പിലാക്കരുത് നീട്ടിവയ്ക്കണമെന്നാണ് കപിൽ സിബൽ വാദിച്ചത്. വിശാല ഭരണഘടനാ ബെഞ്ചിന് വിടമണമെന്നായിരുന്നു മറ്റൊരാവശ്യം. നാലാഴ്ച്ചയ്ക്ക് ശേഷം കോടതി ഇത് വീണ്ടും പരിഗണിക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയുമായി കേന്ദ്ര സർക്കാരിന് നിലവിൽ മുന്നോട്ടുപോകാൻ സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിഷയം ഭരണഘടനാ ബെഞ്ചിലേക്ക് വിടുമെന്ന വാദം സുപ്രിംകോടതി പരിഗണിക്കുമെന്നും ചെന്നിത്തല പറഞ്ഞു. നിയമം നടപ്പായതിൽ ആശങ്കരായ ജനങ്ങൾക്ക് നിരാശപ്പെടേണ്ടി വരില്ലെന്ന് ചെന്നിത്തല പറഞ്ഞു.

Read Also : പൗരത്വ നിയമ ഭേദഗതിക്ക് സ്റ്റേ ഇല്ല; കേന്ദ്രസർക്കാരിന് സുപ്രിംകോടതി നോട്ടിസ്

അതേസമയം, പൗരത്വ നിയമ ഭേദഗതി ഹർജികളിൽ കേന്ദ്ര സർക്കാരിന് സുപ്രിംകോടതി നോട്ടിസ് നൽകി. ഹർജികൾ അഞ്ചംഗ ബെഞ്ചിലേക്ക് മാറ്റി. കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ നോട്ടിസിന് മറുപടി നൽകാൻ നാലാഴ്ചത്തെ സമയം ചോദിച്ചിട്ടുണ്ട്. ഇത് സുപ്രിംകോടതി അനുവദിച്ചു. 80 ഹർജികളിലാണ് കേന്ദ്രം മറുപടി പറയുക. അതേസമയം, അസം, ത്രിപുര കേസുകൾ പ്രത്യേകം പരിഗണിക്കും. അസമിൽ അന്തിമപട്ടിക വരെ നിയമം നടപ്പാക്കില്ലെന്ന് എജി കോടതിയിൽ അറിയിച്ചു.

Story Highlights- Citizenship Amendment Act,നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More