Advertisement

മഞ്ചക്കണ്ടിയിൽ മാവോയിസ്റ്റുകൾ ഉപയോഗിച്ചത് പൊലീസിന്റെ ആയുധങ്ങളെന്ന് കണ്ടെത്തൽ

January 22, 2020
Google News 1 minute Read

മഞ്ചക്കണ്ടി വനത്തിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകൾ ഉപയോഗിച്ചത് പൊലീസിന്റെ ആയുധങ്ങളെന്ന് കണ്ടെത്തൽ. ത്രീ നോട്ട് ത്രീ ഇനത്തിൽ പെട്ട തോക്ക് 2004ൽ മാവോയിസ്റ്റുകൾ ഒഡിഷയിലെ കോരാപ്പുട്ട് പൊലീസ് സ്റ്റേഷൻ ആക്രമിച്ച് കൈക്കലാക്കിയതാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി. കോരാപ്പുട്ട് സംഭവത്തിൽ പ്രതിയായ കാർത്തിക് എന്ന കണ്ണൻ ഗോപിയും ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടിരുന്നു. മാവോയിസ്റ്റുകളിൽ നിന്ന് കണ്ടെടുത്ത എ കെ 47 തോക്ക് ഛത്തിസ്ഗഡിലെ സുഖ്മയിൽ സിആർപി എഫ് സംഘത്തെ കൊലപ്പെടുത്തി കൈക്കലാക്കിയതാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.

ഒക്ടോബർ 28 നാണ് മഞ്ചങ്കണ്ടിയിൽ തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. സംഭവത്തിൽ വിവാദവും നിലനിന്നിരുന്നു. മാവോയിസ്റ്റുകളെ മനപൂർവം വെടിയുതിർത്ത് കൊല്ലുകയായിരുന്നുവെന്ന് സിപിഐ ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാരും പൊലീസും ഈ വാദങ്ങളെയൊക്കെ തള്ളി. വനത്തില്‍ തെരച്ചില്‍ നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘത്തിനു നേരെ മാവോയിസ്റ്റുകള്‍ ആദ്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്. തിരിച്ചു നടത്തിയ വെടിവയ്പ്പിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഇൻക്വസ്റ്റിനിടെയുണ്ടായ ഏറ്റുമുട്ടലിലാണ് നാലാമത്തെയാൾ കൊല്ലപ്പെട്ടത്. സുപ്രിം കോടതി മാനദണ്ഡങ്ങൾ പാലിച്ചാണ് നടപടികൾ പൂർത്തിയാക്കിയതെന്നും പൊലീസ് പറഞ്ഞു.

മാവോയിസ്റ്റുകളെ വിശുദ്ധരാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു. മാവോയിസ്റ്റ് വേട്ടക്കെതിരെ ഇടതുമുന്നണിയില്‍ പോലും കടുത്ത ഭിന്നത നിലനില്‍ക്കുന്നതിനിടെ ആണ് മുഖ്യമന്ത്രിയുടെ നിലപാട് അറിയിച്ചത്. ആത്മരക്ഷാർത്ഥമുള്ള വെടിവയ്പാണ് പൊലീസ് നടത്തിയതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ദേശീയ മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് സമർപ്പിച്ചു. മാവോയിസ്റ്റുകളാണ് ആദ്യം വെടിയുതിർത്തതെന്നും പ്രാഥമിക റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

Story Highlights: Maoist Encounter, Kerala Police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here