സഞ്ജുവും ഷായും തിളങ്ങി; ഇന്ത്യ എയ്ക്ക് അനായാസ ജയം

ന്യൂസിലൻഡ് എയ്ക്കെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യ എയ്ക്ക് അനായാസ ജയം. അഞ്ചു വിക്കറ്റിനാണ് ഇന്ത്യ ന്യൂസിലൻഡിനെ കീഴ്പ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 230 റൺസിന് എല്ലാവരും പുറത്തായപ്പോൾ 29.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ വിജയം കണ്ടു. 48 റൺസെടുത്ത പൃഥ്വി ഷാ ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. മലയാളി താരം സഞ്ജു സാംസൺ 39 റൺസെടുത്തു.
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ ശരിവെക്കുന്ന പ്രകടനമാണ് ഇന്ത്യൻ ബൗളർമാർ നടത്തിയത്. ആദ്യ വിക്കറ്റിലെ 51 റൺസ് കൂട്ടുകെട്ട് മാറ്റിനിർത്തിയാൽ പിന്നീട് ഇന്നിംഗ്സിലൊരിക്കലും ന്യൂസിലൻഡിനു മടങ്ങി വരാനായില്ല. 49 റൺസെടുത്ത രചിൻ രവീന്ദ്രയാണ് ന്യൂസിലൻഡീൻ്റെ ടോപ്പ് സ്കോറർ. ക്യാപ്റ്റൻ ടോം ബ്രൂസ് 47 റൺസെടുത്തു. 34 റൺസെടുത്ത് പുറത്താവാതെ നിന്ന കോൾ മക്കോഞ്ചീയും കിവികൾക്കായി തിളങ്ങി. ഇന്ത്യൻ നിരയിൽ മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റെടുത്ത് ഖലീൽ അഹ്മദ്, അക്സർ പട്ടേൽ എന്നിവർക്ക് രണ്ട് വിക്കറ്റുകൾ വീതമുണ്ട്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി പൃഥ്വി ഷായും മായങ്ക് അഗർവാളും ഗംഭീര തുടക്കമാണ് നൽകിയത്. 9 ഓവറിൽ 79 റൺസ് കൂട്ടിച്ചേർത്ത സഖ്യം ന്യൂസിലൻഡ് ബൗളർമാരെ തല്ലിച്ചതച്ചു. ഷാ ആയിരുന്നു കൂടുതൽ അപകടകാരി. 35 പന്തുകളിൽ അഞ്ച് ബൗണ്ടറികളും മൂന്ന് സിക്സറുകളും സഹിതം 48 റൺസെടുത്ത ഷാ ജെയിംസ് നീഷമിൻ്റെ പന്തിൽ പുറത്തായി. പിന്നാലെ മായങ്ക് അഗർവാളും (29) പുറത്തായി. മൂന്നാം വിക്കറ്റിൽ ശുഭ്മൻ ഗില്ലും സഞ്ജു സാംസണും ചേർന്ന സഖ്യം 66 റൺസ് കൂട്ടിച്ചേർത്തു. ഗില്ലിനെ സാക്ഷിയാക്കി പവർ ബാറ്റിംഗിൻ്റെ എക്സിബിഷനാണ് സഞ്ജു കെട്ടഴിച്ചത്. ന്യൂസിലൻഡ് ടി-20 പരമ്പരക്കുള്ള തയ്യാറെടുപ്പെന്നോണം കേരള താരം അനായാസം ബൗണ്ടറി ക്ലിയർ ചെയ്തു. ഗിൽ (30) 20ആം ഓവറിലും സഞ്ജു (39) 21ആം ഓവറിലും പുറത്തായി. 21 പന്തുകളിൽ മൂന്ന് ബൗണ്ടറികളും രണ്ട് സിക്സറും സഹിതമാണ് സഞ്ജു 39 റൺസെടുത്തത്.
പിന്നാലെ സൂര്യകുമാർ യാദവിൻ്റെ വെടിക്കെട്ട്. 18 പന്തുകളിൽ ആറ് ബൗണ്ടറികളും ഒരു സിക്സറും സഹിതം 35 റൺസെടുത്ത യാദവ് 25ആം ഓവറിൽ പുറത്തായി. ശേഷം വിജയ് ശങ്കർ (20), കൃണാൽ പാണ്ഡ്യ (15) സഖ്യം ഇന്ത്യയെ ഫിനിഷിംഗ് ലൈൻ കടത്തുകയായിരുന്നു.
Story Highlights: Sanju Samson, India A
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here