‘സിഎഎയ്‌ക്കെതിരായ സംസ്ഥാനങ്ങളുടെ പ്രമേയം രാഷ്ട്രീയ അഭിപ്രായം മാത്രം’: ശശി തരൂർ

പൗരത്വ നിയമ ഭേദഗതിക്കെതിരായ സംസ്ഥാനങ്ങളുടെ പ്രമേയം രാഷ്ട്രീയ അഭിപ്രായം മാത്രമാണെന്ന് ശശി തരൂർ എംപി. പൗരത്വം നൽകുന്നത് ഫെഡറൽ സർക്കാരാണ്. ഒരു സംസ്ഥാനത്തിനും പൗരത്വം നൽകാനാകില്ല. പൗരത്വ നിയമ ഭേദഗതി നടപ്പാക്കും, നടപ്പാക്കില്ല എന്ന് പറയുന്നതിൽ അർത്ഥമില്ലെന്നും ശശി തരൂർ പറഞ്ഞു. പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് ശശി തരൂർ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
സംസ്ഥാനങ്ങൾക്ക് പ്രമേയം പാസാക്കാം, അല്ലെങ്കിൽ കോടതിയെ സമീപിക്കാം. പക്ഷേ പ്രായോഗികമായി അവർക്ക് എന്താണ് ചെയ്യാനാകുകയെന്ന് ശശി തരൂർ ചോദിക്കുന്നു. പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാരുകൾക്ക് പറയാനാവില്ല. പക്ഷേ, എൻപിആറും എൻആർസിയും നടപ്പാക്കില്ലെന്ന് സംസ്ഥാനങ്ങൾക്ക് പറയാനാകും. കാരണം, എൻപിആർ, എൻആർസി എന്നിവയിൽ കാര്യങ്ങൾ ചെയ്യേണ്ടത് സംസ്ഥാനത്തിന്റെ ഉദ്യോഗസ്ഥരാണെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള സർക്കാർ നിയമസഭയിൽ പ്രമേയം പാസാക്കിയിരുന്നു. ബിജെപി എംഎൽഎ ഒ രാജഗോപാൽ മാത്രമാണ് പ്രമേയത്തെ എതിർത്തത്. കേരളത്തിന് പിന്നാലെ പഞ്ചാബും സിഎഎയ്‌ക്കെതിരെ പ്രമേയം പാസാക്കിയിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുമെന്ന് രാജസ്ഥാൻ സർക്കാരും അറിയിച്ചു. കോൺഗ്രസ് ഭരിക്കുന്ന മധ്യപ്രദേശും ഛത്തീസ്ഗഡും പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉടൻ പ്രമേയം പാസാക്കുമെന്ന് റിപ്പോർട്ടുണ്ട്.
story highlights- sasi tharoor, citizenship amendment act, anti caa resolution
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here