Advertisement

നാളെ ഇന്ത്യൻ ടീമിന് മൂന്നു മത്സരങ്ങൾ; മൂന്നും ഒരേ എതിരാളികൾ: സഞ്ജു ഉള്ളത് രണ്ട് ടീമുകളിൽ

January 23, 2020
Google News 1 minute Read

നാളെ ഇന്ത്യൻ ക്രിക്കറ്റിന് തിരക്കു പിടിച്ച ദിവസം. മൂന്ന് വ്യത്യസ്ത സമയങ്ങളിൽ, മൂന്ന് വ്യത്യസ്ത പരമ്പരകളിൽ മൂന്ന് വ്യത്യസ്ത ടീമുകളാണ് നാളെ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് കളത്തിലിറങ്ങുക. ഇന്ത്യയുടെ മൂന്ന് മത്സരങ്ങളിലും ഒരേ എതിരാളികൾ തന്നെ ആണെന്നതാണ് ഇതിലെ കൗതുകം. മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണത്തിനുള്ള ടീമുകളിൽ മലയാളി താരം സഞ്ജു സാംസണും ഉൾപ്പെട്ടിട്ടുണ്ട്.

അണ്ടർ-19 ലോകകപ്പ്, ഇന്ത്യ എയുടെ ന്യൂസിലൻഡ് പര്യടനം, ഇന്ത്യൻ സീനിയർ ടീമിൻ്റെ ന്യൂസിലൻഡ് പര്യടനം എന്നീ പരമ്പര/ടൂർണമെൻ്റുകളിലാണ് ഇന്ത്യ ഇറങ്ങുക. മൂന്നിടങ്ങളിലും ന്യൂസിലൻഡാണ് ഇന്ത്യയുടെ എതിരാളികൾ. യഥാക്രമം ഉച്ച തിരിഞ്ഞ് 1.30, പുലർച്ചെ 3.30, ഉച്ചക്ക് 12.20 എന്നീ സമയങ്ങളിലാണ് മത്സരങ്ങൾ നടക്കുക.

അണ്ടർ-19 ലോകകപ്പിൻ്റെ ഗ്രൂപ്പ് എയിലാണ് ന്യൂസിലൻഡും ഇന്ത്യയും ഏറ്റുമുട്ടുക. ദക്ഷിണാഫ്രിക്കയിലെ ബ്ലൂംഫൊണ്ടെയ്നിലാണ് മത്സരം. കളിച്ച രണ്ട് മത്സരങ്ങളും അനായാസം ജയിച്ച ഇന്ത്യ ഗ്രൂപ്പിൽ ഒന്നാമതാണ്. ന്യൂസിലൻഡാവട്ടെ ജപ്പാനുമായുള്ള ആദ്യ മത്സരത്തിൽ മഴ കളിച്ച് അത് ഉപേക്ഷിക്കേണ്ടി വന്നു. ശേഷം ഇന്നലെ ശ്രീലങ്കക്കെതിരെ നടന്ന ത്രില്ലിംഗ് മാച്ചിൻ്റെ അവസാന ഓവറിൽ വിജയിച്ച് പട്ടികയിൽ രണ്ടാമതെത്തി. ഇന്ത്യക്ക് നാലും ന്യൂസിലൻഡിനു മൂന്നും പോയിൻ്റാണ് ഉള്ളത്.

ഇന്ത്യ എയുടെ ന്യൂസിലൻഡ് പര്യടനത്തിലെ രണ്ടാം ഏകദിനവും നാളെ നടക്കും. ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ചിലാണ് മത്സരം. ആദ്യ ഏകദിനത്തിൽ അഞ്ച് വിക്കറ്റിൻ്റെ അനായാസ ജയം നേടിയ ഇന്ത്യ ജയം തുടരാനാണ് ഇറങ്ങുക. മലയാളി താരം സഞ്ജു സാംസൺ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയിരുന്നു. പരുക്കേറ്റ ധവാൻ്റെ അഭാവത്തിൽ സഞ്ജു ദേശീയ ടീമിൽ ഇടം പിടിച്ചു. പക്ഷേ, എ ടീമിൽ നിന്ന് സഞ്ജുവിനെ ഇതുവരെ റിലീസ് ചെയ്തിട്ടില്ല.

സീനിയർ ടീം ടി-20 പരമ്പരയിലാണ് ഇറങ്ങുക. ന്യൂസിലൻഡ് പര്യടനത്തിലെ ആദ്യ മത്സരമാണ് നാളെ ഓക്ക്‌ലൻഡിൽ നടക്കുക. സഞ്ജു ടീമിലുണ്ടെങ്കിലും നാളെ നടക്കുന്ന മത്സരത്തിൽ ടീമിൽ ഉണ്ടാവില്ല. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി ലോകേഷ് രാഹുലും അഞ്ചാം നമ്പറിൽ മനീഷ് പാണ്ഡെയും ഇറങ്ങുമെന്ന് കോലി സൂചിപ്പിച്ചിരുന്നു. അങ്ങനെയെങ്കിൽ ഫൈനൽ ഇലവനിൽ സഞ്ജു ഉണ്ടാവില്ല.

Story Highlights: Sanju Samson, India, Cricket

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here