Advertisement

ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചാൽ ശിക്ഷയില്ല; തുർക്കിയിൽ നിയമനിർമാണത്തിനു സാധ്യത

January 23, 2020
Google News 1 minute Read

ബലാത്സംഗത്തിനിരയാക്കപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തയാറായാല്‍ ശിക്ഷാ നടപടികളിൽ നിന്നൊഴിവാക്കുമെന്ന നിയമം നിർമിക്കാനൊരുങ്ങി തുർക്കി. 18 വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്ന പ്രതികൾക്കാണ് തുർക്കി എളുപ്പത്തിൽ ശിക്ഷ ഒഴിവാക്കാനുള്ള അവസരം നൽകുന്നത്. ജനുവരി അവസാനം മുതൽ നിയമം നടപ്പാക്കാനാണ് സർക്കാരിൻ്റെ ഉദ്ദേശം.

നിയമനിർമാണത്തിനെതിരെ രാജ്യത്ത് കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. നിയമത്തിലൂടെ ശൈശവ വിവാഹവും ബലാത്സംഗവും കുട്ടികൾക്കെതിരായ അതിക്രമങ്ങളും ലൈംഗികാതിക്രമങ്ങളും രാജ്യത്ത് വർധിക്കുമെന്ന് വിമർശനം ഉയരുന്നുണ്ട്. വിവാഹം കഴിക്കാൻ ആഗ്രഹമുള്ളവർ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കോടതിയിൽ പോയാൽ മതിയെന്ന സ്ഥിതി ഇതുമൂലം ഉണ്ടാവുമെന്നും അത് രാജ്യത്ത് അരക്ഷിതാവസ്ഥ കൊണ്ടുവരുമെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. യുഎന്നും നിയമത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. നിയമം രാജ്യത്ത് കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിപ്പിക്കുമെന്ന് യുഎൻ പറയുന്നു.

നിയമനിർമ്മാണത്തിനെതിരെ നിരവധി സംഘടനകൾ പരസ്യ പ്രതിഷേധങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. കുടുംബത്തിൻ്റെ ‘അഭിമാനം’ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഇത്തരത്തിൽ ഒരു നിയമം പാസാക്കാൻ ശ്രമിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തുന്നു.

2016ൽ, ബലം പ്രയോഗിക്കാതെ നടക്കുന്ന ബലാത്സംഗങ്ങളിലെ പ്രതിയ്ക്ക് മാപ്പു നൽകുമെന്ന നിയമം കൊണ്ടുവരാനും തുർക്കി ശ്രമിച്ചിരുന്നു. ഇതിനെതിരെ ആഗോളതലത്തിൽ ഉയർന്ന പ്രതിഷേധങ്ങളെ തുടർന്ന് തുർക്കി നിയമം പിൻവലിക്കുകയായിരുന്നു.

Story Highlights: Turkey, Rape

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here