അവസാന ഓവറിൽ വേണ്ടത് 12 റൺസ്; ഒരു പന്ത് ബാക്കി നിൽക്കെ സിക്സറടിച്ച് ജയിച്ച് ന്യൂസിലൻഡ് കുട്ടിപ്പട

അണ്ടർ-19 ലോകകപ്പിൽ ന്യൂസിലൻഡിന് ആവേശജയം. ശ്രീലങ്കക്കെതിരെ നടന്ന മത്സരത്തിൻ്റെ അവസാന ഓവറിൽ സിക്സറടിച്ചാണ് ന്യൂസിലൻഡ് വിജയിച്ചത്. നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 242 റൺസെടുത്ത ശ്രീലങ്കക്കെതിരെ 49.5 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടപ്പെടുത്തി കിവീസ് വിജയം കുറിക്കുകയായിരുന്നു.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക ന്യൂസിലൻഡിനു മുന്നിൽ തകർന്നടിയുന്ന കാഴ്ചയാണ് കളിക്കളത്തിൽ കണ്ടത്. മുൻനിര ബാറ്റ്സ്മാന്മാരെല്ലാം ഇരട്ടയക്കം കണ്ടെത്തിയെങ്കിലും മികച്ച സ്കോർ നേടാനായില്ല. 37ആം ഓവറിൽ ആറു വിക്കറ്റിന് 141 എന്ന നിലയിൽ പരുങ്ങിയ ലങ്കയെ എട്ടാം നമ്പരിൽ കളത്തിലിറങ്ങിയ അഹാൻ വിക്രമസിംഗെയുടെ കൂറ്റനടികളാണ് മാന്യമായ സ്കോറിലെത്തിച്ചത്. 48 പന്തുകളിൽ 64 റൺസെടുത്ത വിക്രമസിംഗെ തന്നെയാണ് ലങ്കയുടെ ടോപ്പ് സ്കോറർ. 46 റൺസെടുത്ത സോനൽ ദിനുഷയും ലങ്കൻ സ്കോറിലേക്ക് നിർണായക സംഭാവന നൽകി. ന്യൂസിഅൻഡീനായി ആദിത്യ അശോക് മൂന്നു വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ കിവീസിനും പിഴച്ചു. വേഗത്തിൽ രണ്ട് വിക്കറ്റ് വീണ് പ്രതിരോധത്തിലായ ന്യൂസിലൻഡിനെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. മൂന്നാം വിക്കറ്റിൽ റിസ് മറിയു-ബെഖം വീലർ സഖ്യം 111 റൺസ് കൂട്ടിച്ചേർത്തു. ന്യൂസിലൻഡ് നിരയിലെ ടോപ്പ് സ്കോററായ മറിയു 86 റൺസെടുത്ത് പുറത്തായതോടെ വീണ്ടും അവർക്ക് തുടർച്ചയായ വിക്കറ്റുകൾ നഷ്ടമായി. 49ആം ഓവറിൽ 80 റൺസെടുത്ത ബെഖം കൂടി പുറത്തായതോടെ ന്യൂസിലൻഡ് പരാജയം മുന്നിൽ കണ്ടു. അവസാന ഓവറിൽ 12 റൺസായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ നാലു പന്തുകളിൽ ആറു റൺസെടുത്ത ന്യൂസിലൻഡ് അഞ്ചാം പന്തിൽ ഒരു സിക്സർ അടിച്ച് വിജയിക്കുകയായിരുന്നു.

ജയത്തോടെ ഗ്രൂപ്പ് എയിൽ ന്യൂസിലൻഡ് ഇന്ത്യക്കു പിന്നിൽ രണ്ടാമതെത്തി.

Story Highlights: Srilanka, New Zealand, U-19, World Cupനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More