കോറോണ ബാധ: നടപടി ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

സൗദി അറേബ്യയിലെ അസിർ അബാ അൽ ഹയാത്ത് ആശുപത്രിയിലെ നഴ്‌സുമാർക്ക് കോറോണ വൈറസ് ബാധയുണ്ടായ സംഭവം ഗൗരവമായി കണ്ട് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു. സൗദി സർക്കാരുമായി ബന്ധപ്പെട്ട് രോഗബാധയുള്ളവർക്ക് വിദഗ്ധ ചികിത്സയും സംരക്ഷണവും ഉറപ്പുവരുത്തുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അതേസമയം, കൊറോണ വൈറസ് ബാധ സംശയിക്കുന്ന നഴ്‌സുമാർക്ക് സുരക്ഷയൊരുക്കാൻ നോർക്ക വഴി ഇടപെടൽ നടത്തിയെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. നഴ്‌സുമാരെ ഇപ്പോൾ കേരളത്തിലേക്കെത്തിക്കുന്നത് അവരുടെ ആരോഗ്യത്തിന് ഗുണം ചെയ്യില്ല. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ ജാഗ്രത നടപടികൾ സ്വീകരിച്ചു. സൂചനകൾ കണ്ടാൽ മറച്ചുവയ്ക്കരുതെന്നും നിപ്പ പോലെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
സൗദിയിൽ ഒരു മലയാളി നഴ്‌സ് ഉൾപ്പെടെ രണ്ട് പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കോട്ടയം ഏറ്റുമാനൂർ സ്വദേശിനിയാണിവർ. കൂടെ ജോലി ചെയ്യുന്ന ഫിലിപ്പിനോ നഴ്‌സിൽ നിന്നാണ് ഇവർക്ക് രോഗം പടർന്നത് എന്നാണ് റിപ്പോർട്ട്. കൊറോണ സ്ഥിരീകരിച്ച ഇരുവരും അസീർ സെൻട്രൽ ഹോസ്പിറ്റലിൽ ചികിത്സയിലാണ്. മലയാളി നഴ്‌സിന്റെ നില മെച്ചപ്പെട്ടുവരുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here