റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ ബ്രസീൽ പ്രസിഡന്റ് ജെയ്ർ ബോൽസൊനാരോ ഇന്ത്യയിലെത്തി

എഴുപത്തൊന്നാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ ബ്രസീൽ പ്രസിഡന്റ് ജെയ്ർ ബോൽസൊനാരോ ഇന്ത്യയിലെത്തി. നാലു ദിവസത്തെ സന്ദർശനത്തിനിടെ പതിനഞ്ചോളം ഉഭയകക്ഷി കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെക്കമെന്നാണ് പ്രതീക്ഷ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് ബ്രസീൽ പ്രസിഡൻറ് ജെയ്ർ ബോൽസൊനാരോ ഇന്ത്യയിലെത്തിയത്. ഡൽഹിയിലെ പാലം വ്യോമതാവളത്തിൽ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ നേരിട്ടെത്തി ബോൽസൊനാരോയെ സ്വീകരിച്ചു.
നാലു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ ബോൽസൊനാരോ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ മുഖ്യാതിഥിയാകും. 8 മന്ത്രിമാർ, 4 പാർലമെന്റ് അംഗങ്ങൾ, ഉന്നതോദ്യോഗസ്ഥർ, ബിസിനസ്സുകാർ തുടങ്ങി നയതന്ത്ര സംഘവും ബോൽസൊനാരോയെ അനുഗമിച്ചിട്ടുണ്ട്. കാർഷികം, ഊർജം, പ്രതിരോധം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുകയാണ് സന്ദർശനത്തിന്റെ മുഖ്യ ലക്ഷ്യമെന്ന് ബ്രസീൽ അംബാസഡർ ആൻഡ്രെ അരാൻഹ പറഞ്ഞു. 15 ഉടമ്പടികളിൽ ഇരുരാജ്യങ്ങളും ഒപ്പിടുമെന്നും അരാൻഹ കൂട്ടിച്ചേർത്തു.
സന്ദർശനത്തിന്റെ രണ്ടാം ദിവസം ബോൽസൊനാരോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരിട്ട് കൂടിക്കാഴ്ച്ച നടത്തും. തുടർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ എന്നിവരുമായും ബോൽസൊനാരോ കൂടിക്കാഴ്ച നടത്തും. ശനിയാഴ്ച രാഷ്ട്രപതി ഭവനിൽ നടക്കുന്ന സ്‌നേഹവിരുന്നിലും ബ്രസീലിയൻ പ്രസിഡന്റ് പങ്കെടുക്കും. ജനുവരി 27 ന് ഇന്ത്യ-ബ്രസീൽ ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്യുന്ന ബോൽസൊനാരോ രാജ്ഘട്ട്, താജ്മഹൽ എന്നിവിടങ്ങൾ സന്ദർശിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here