പ്രത്യക്ഷ നികുതി വരുമാനം മുൻവർഷത്തേതിനേക്കാൾ കുറഞ്ഞേക്കുമെന്ന് റിപ്പോർട്ട്

രാജ്യത്തെ പ്രത്യക്ഷ നികുതി വരുമാനം മുൻ വർഷത്തേക്കാൾ കുറഞ്ഞേക്കുമെന്ന് റിപ്പോർട്ട്. 20 വർഷത്തിനിടെ ആദ്യമായാണ് പ്രത്യക്ഷ നികുതി വരുമാനത്തിൽ ഇത്രയധികം കുറവ് സംഭവിക്കുന്നത്. രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങൾ കുറഞ്ഞതും കോർപറേറ്റ് നികുതി വെട്ടിക്കുറച്ചതുമാണ് നികുതി വരുമാനം കുറയാൻ കാരണമാകുന്നതായി നികുതിവകുപ്പില ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
നടപ്പു സാമ്പത്തിക വർഷത്തിൽ 13.5 ലക്ഷം കോടി രൂപ പ്രത്യക്ഷനികുതി വരുമാന ഇനത്തിൽ ലഭിക്കുമെന്നാണ് സർക്കാർ കണക്കു കൂട്ടിയിരുന്നത്. എന്നാൽ, കോർപറേറ്റ് നികുതി വെട്ടിക്കുറച്ചത് വരുമാനത്തെ സാരമായി ബാധിച്ചു. കഴിഞ്ഞ സാമ്പത്തികവർഷം പ്രത്യക്ഷനികുതി വരുമാനമായി ആകെ 11.5 ലക്ഷം കോടി രൂപയായിരുന്നു ലഭിച്ചത്. ഉപഭോഗം കുറഞ്ഞ സാഹചര്യത്തിൽ കമ്പനികൾ നിക്ഷേപം വെട്ടിക്കുറച്ചതും തൊഴിൽ കുറവും നികുതിവരുമാനത്തെ ബാധിച്ചിട്ടുണ്ട്.
ജനുവരി 23 വരെയുള്ള കണക്കനുസരിച്ച് 7.3 ലക്ഷം കോടി രൂപയാണ് പ്രത്യക്ഷനികുതിവരുമാന ഇനത്തിൽ സർക്കാരിനു ലഭിച്ചത്. മുൻ കാലത്തെ അപേക്ഷിച്ച് 5.5 ശതമാനം കുറഞ്ഞ നിരക്കാണിത്. രാജ്യത്തെ വരുമാനത്തിന്റെ ഏതാണ്ട് 80 ശതമാനവും പ്രത്യക്ഷ നികുതിയിൽ നിന്ന് ലഭിക്കുന്നതിനാൽ കുറവുനികത്താൻ സർക്കാരിന് കൂടുതൽതുക കടമെടുക്കേണ്ടിവരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here