‘ക്രമസമാധാനപാലനത്തിന് ഹിന്ദു പൊലീസിനെ വേണം’; വിചിത്ര ആവശ്യവുമായി തൃപ്പൂണിത്തുറ ദേവസ്വം

ഹിന്ദു പൊലീസിനെ വേണമെന്ന വിചിത്ര ആവശ്യവുമായി തൃപ്പൂണിത്തുറ ദേവസ്വം. വൈറ്റില ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവത്തിന് ഹിന്ദുക്കളായ പൊലീസുകാരെ വേണമെന്നാണ് ആവശ്യം.

ഉത്സവത്തിന് ഗതാഗതം നിയന്ത്രിക്കാനും ക്രമസമാധാന പാലനത്തിനും ഹിന്ദുക്കളായ പൊലീസുകാരെ നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി തൃപ്പൂണിത്തുറ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ സിറ്റി പൊലീസ് കമ്മീഷണർക്ക് കത്തയച്ചു.

ഫെബ്രുവരി എട്ടിനാണ് ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവം നടക്കുന്നത്. ഹിന്ദുക്കളായ പൊലീസ് എന്ന് കത്തിൽ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ വനിതാ പൊലീസ് ഉദ്യോഗസ്ഥരേയും നിയോഗിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. ക്ഷേത്രത്തിന് മുൻവശത്ത് മൊബിലിറ്റി ഹബ് നിലവിൽ വന്നതിനാൽ ട്രാഫിക് കൂടുതലാണെന്നും ക്രമസമാധാനത്തിന് ഹിന്ദുക്കളായ പൊലീസുകാരേയും വനിതാ പൊലീസ് ഉദ്യോഗസ്ഥരേയും വിട്ട് നൽകണമെന്നുമാണ് കത്തിൽ വ്യക്തമാക്കുന്നത്. കത്ത് ഇതിനോടകം വിവാദമായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top