അവര്‍ വന്നത് നാട് അഭിമുഖീകരിക്കുന്ന ആപത്തിനുനേരെ കൈകോര്‍ക്കാന്‍; എല്‍ഡിഎഫിലേയ്ക്ക് അല്ലെന്ന് അറിയാം: തോമസ് ഐസക്

യുഡിഎഫിന് വോട്ട് ചെയ്തവരും ഇടതു മുന്നണി സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്തെന്ന കെ മുരളീധരന്‍ എംപിയുടെ പ്രതികരണത്തിന് മറുപടിയുമായി ധനമന്ത്രി ടി എം തോമസ് ഐസക്. കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞതുപോലെ യുഡിഎഫിന് വോട്ട് ചെയ്ത നല്ലൊരു പങ്ക് ആളുകളും ഇന്ന് ഭരണഘടന ഉയര്‍ത്തിപ്പിടിക്കാന്‍ മനുഷ്യ മഹാശൃംഖലയില്‍ അണിനിരന്നു. അവര്‍ വന്നത്, നാട് അഭിമുഖീകരിക്കുന്ന അത്യാപത്തിനുനേരെ കൈകോര്‍ക്കാനാണ്. എല്‍ഡിഎഫിലേയ്ക്ക് അല്ലെന്ന് ഞങ്ങള്‍ക്ക് അറിയാമെന്നും തോമസ് ഐസക് പറഞ്ഞു.

ചില യുഡിഎഫ് നേതാക്കളുടെ പേടി നേരെ മറിച്ചാണ്. ഇന്നത്തേതുപോലെയാണ് അവര്‍ മുന്നോട്ടു പോകുന്നതെങ്കില്‍ അവരുടെ ഭയം യാഥാര്‍ത്ഥ്യമായേക്കും. അതുകൊണ്ട് സമയം വൈകിയിട്ടില്ല. പൗരത്വ നിയമ ഭേദഗതിക്കെതിരെ നമുക്ക് ഒരുമിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു തോമസ് ഐസക്കിന്റെ പ്രതികരണം. ഇന്നത്തെ മനുഷ്യമതിലിന്റെ പ്രത്യേകത രാഷ്ട്രീയ പരിഗണനയ്ക്ക് അതീതമായി ഒട്ടനവധി ആളുകള്‍ വന്നു എന്നത് മാത്രമല്ല. മതഭേദങ്ങള്‍ക്കും അപ്പുറം പൗരന്‍മാര്‍ അണിനിരന്നുവെന്നതാണ്. ബിജെപി മനസില്‍ കണ്ടത് വര്‍ഗീയ ധ്രുവീകരണമായിരുന്നു. എന്നാല്‍ നാട്ടില്‍ നടക്കുന്നത് വര്‍ഗീയതയ്ക്ക് എതിരായ ഏകീകരണമാണെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: T M Thomas Isaac,നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More