ബുഷ്ഫയര്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ യുവരാജാവും ; മത്സരം ഫെബ്രുവരി എട്ടിന്

ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് യുവരാജ് സിംഗ് വീണ്ടും ക്രീസിലേക്ക്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ലോകക്രിക്കറ്റില്‍ ആരാധകരെ നേടിയെടുത്ത ഇന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച താരമാണ് യുവരാജ്. ഒസ്‌ട്രേലിയയില്‍ കാട്ടുതീ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങാവാനാണ് മുന്‍ ഇന്ത്യന്‍ താരം വീണ്ടും ക്രിക്കറ്റ് മൈതാനത്ത് എത്തുന്നത്. ബുഷ്ഫയര്‍ ക്രിക്കറ്റ് ബാഷ് ദുരിതാശ്വാസ മത്സരത്തിനുള്ള ടീമുകളെന്നില്‍ യുവരാജ് കളിക്കും. കഴിഞ്ഞ വര്‍ഷമാണ് യുവരാജ് സിംഗ് രാജ്യാന്തരമത്സരങ്ങളില്‍ നിന്ന് വിരമിച്ചത്.
അടുത്ത മാസം എട്ടിനാണ് മത്സരം. ജനുവരി 31ന് നടക്കുന്ന യോഗ്യതാ മത്സരങ്ങള്‍ക്ക് ശേഷം വേദി തീരുമാനിക്കും. റിക്കി പോണ്ടിംഗിനെയും ഷെയ്ന്‍ വോണിനെയും കൂടാതെ മുന്‍ ഓസീസ്് താരങ്ങളായ ആദം ഗില്‍ക്രിസ്റ്റ്, ജസ്റ്റിന്‍ ലാംഗര്‍, ബ്രെറ്റ്ലി, ഷെയ്ന്‍ വാട്സണ്‍, മൈക്കല്‍ ക്ലാര്‍ക്ക് എന്നിവരും ഈ മത്സരത്തില്‍ പങ്കെടുക്കും. ഒസ്‌ട്രേലിയയില്‍ ഈയിടെ നടന്ന തീപിടുത്തത്തില്‍ ധാരാളം പേര്‍ മരിച്ചിരുന്നു. മത്സരത്തില്‍ നിന്ന് ലഭിക്കുന്ന തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുമെന്ന് ക്രിക്കറ്റ് ഒസ്‌ട്രേലിയ വ്യക്തമാക്കി.
ബിഗ് ബാഷ് ഫൈനലിനൊപ്പം വോണ്‍ ഇലവനും പോണ്ടിംഗ് ഇലവനും തമ്മിലുള്ള മത്സരം നടത്താനാണ് ക്രിക്കറ്റ് ഒസ്‌ട്രേലിയ തീരുമാനിച്ചിരിക്കുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെ പോണ്ടിംഗ് ഇലവന്റെ പരിശീലകനായി സ്ഥിരീകരിച്ചിരുന്നു. വെസ്റ്റ് ഇന്‍ഡീസിന്റെ കോര്‍ട്ട്‌നി വാല്‍ഷ് വോണ്‍ ഇലവന് ഉപദേഷ്ടാവാകും.
Story Highlights- Bushfire Bash Cricket, Yuvraj Singh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here