കാട്ടാക്കട കൊലപാതകം; പൊലീസിന് വീഴ്ച പറ്റിയതായി കണ്ടെത്തൽ

കാട്ടാക്കട കൊലപാതകത്തിൽ പൊലീസിന് വീഴ്ച പറ്റിയതായി കണ്ടെത്തൽ. സംഗീതിന്റെ വീട്ടിലേക്ക് കൃത്യസമയത്ത് എത്തുന്നതിന് പൊലീസിന് സാധിച്ചില്ല. പൊലീസ് വീഴ്ച അന്വേഷിച്ച ഡിവൈഎസ്പി രണ്ട് ദിവസത്തിനകം നെടുമങ്ങാട് റൂറൽ എസ്പിക്ക് റിപ്പോർട്ട് നൽകും. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കെതിരെ എസ്പി അന്തിമ നടപടി എടുക്കും.
റൂറൽ എസ്പി ബി അശോകന്റെ നിർദേശപ്രകാരമാണ് നെടുമങ്ങാട് ഡിവൈഎസ്പി പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചത്. സംഭവത്തിൽ നാട്ടുകാരും ബന്ധുക്കളും അടക്കം ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന്റെ ആദ്യ റിപ്പോർട്ട് എന്ന നിലയിലാണ് ഇക്കാര്യങ്ങൾ പുറത്ത് വരുന്നത്.
സംഭവം നടക്കുന്ന സമയത്ത് അനുമതിയില്ലാതെ ഗുണ്ടാ മാഫിയ വീട്ടിലെത്തിയ കാര്യം സംഗീത് പൊലീസിനെ ഫോൺ വിളിച്ച് അറിയിച്ചിരുന്നു. എന്നാൽ സംഗീതിന്റെ വീട്ടിലെത്താൻ പൊലീസ് വൈകി. ഇതുസംബന്ധിച്ച്
വിശദീകരണം തേടിയപ്പോൾ സ്ഥലം അറിയില്ലായിരുന്നു എന്ന കാരണമാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ പറഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥരുടെ ന്യായം മുഖവിലയ്‌ക്കെടുക്കാൻ കഴിയുന്നതല്ല എന്നാണ് വിലയിരുത്തൽ. അപകടം സംഭവിച്ച് ഒന്നേകാൽ മണിക്കൂറിനു ശേഷമാണ് പൊലീസ് സംഭവ സ്ഥലത്ത് എത്തുന്നത്. കൃത്യസമയത്ത് പൊലീസ് എത്തിയിരുന്നെങ്കിൽ മരണം ഒഴിവാക്കാമായിരുന്നു.
അതേസമയം, ഒളിവിലായിരുന്ന പ്രതി ബൈജു ഇന്ന കാട്ടാക്കട പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയതോടെ കേസിലെ എല്ലാ പ്രതികളും പിടിയിലായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here