‘രാത്രിയിലേക്കുള്ള ഭക്ഷണം മാത്രമേ കൈയിലുള്ളൂ’; സഹായം അഭ്യര്‍ത്ഥിച്ച് ചൈനയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍

കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന ചൈനയില്‍ നിന്ന് നാട്ടിലേക്ക് തിരികെയെത്താന്‍ സര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിച്ച് മലയാളി വിദ്യാര്‍ത്ഥികള്‍. രാത്രിയിലത്തേക്ക് കഴിക്കുന്നതിനുള്ള ഭക്ഷണം മാത്രമാണ് ബാക്കിയുള്ളതെന്നും പുറത്തിങ്ങാനാവുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ ട്വന്റിഫോറിനോട് പറഞ്ഞു. ചൈനയില്‍ വൈറസ് പടര്‍ന്നുപിടിച്ച് ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്ത വുഹാനില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള യിച്ചാംഗ് എന്ന സ്ഥലത്തെ യൂണിവേഴ്‌സിറ്റിയിലാണ് വിദ്യാര്‍ത്ഥികളുള്ളത്.
അഞ്ച് ദിവസത്തിനുള്ളില്‍ പ്രദേശത്ത് 51 പേര്‍ക്ക് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചതായി വിദ്യാര്‍ത്ഥിയായ ഷഹാസ് പറഞ്ഞു. ആറ് ദിവസമായി റൂമിന് പുറത്തിറങ്ങിയിട്ടില്ല. സൗകര്യങ്ങളൊന്നും ലഭിക്കുന്നില്ല. ഇന്ത്യന്‍ എംബസിയെ ബന്ധപ്പെട്ടപ്പോള്‍ രക്ഷിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ അറിയിപ്പുകള്‍ ഒന്നും ലഭിച്ചിട്ടില്ല.
ഇന്ന് രാത്രിയിലേക്കുള്ള ഭക്ഷണം മാത്രമാണുള്ളത്. ഇനി ഭക്ഷണം ലഭിക്കണമെങ്കില്‍ പുറത്തിറങ്ങണം. എന്നാല്‍ പുറത്തിറങ്ങാന്‍ പേടിയാണ്. യൂണിവേഴ്‌സിറ്റി ഒരു ക്യാന്റീന്‍ തുറന്നിട്ടുണ്ട്. എന്നാല്‍ ഇത് ദൂരെയാണ്. അവിടേക്ക് പോകാനാകില്ല. 25 ഓളം മലയാളികള്‍ അടക്കം 87 ഓളം ഇന്ത്യക്കാര്‍ സ്ഥലത്തുണ്ട്. കേരളത്തിലെ പല ജില്ലകളില്‍ നിന്നുള്ളവരുണ്ട്. ഭക്ഷണം എത്തിക്കുന്നതിനുള്ള സൗകര്യമില്ല. ആകെ ഒരു കടമാത്രമേ സ്ഥലത്ത് തുറന്നിട്ടുള്ളു. അവിടെ തിരക്ക് അധികമാണ്. അതിനാല്‍ അവിടേക്കും പോകാനാകില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
സര്‍വകലാശാല അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവുമില്ല. കഴിഞ്ഞദിവസം ഒരു ആഫ്രിക്കന്‍ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. നാട്ടിലേക്ക് പോരുന്നതിനായി ഇന്ത്യന്‍ എംബസിയുടെ നമ്പരിലേക്ക് വിളിക്കുന്നുണ്ട്. വുഹാനിലേക്ക് വിമാനം വരുന്നുണ്ടെന്ന് എംബസി അറിയിച്ചു. എന്നാല്‍ ഞങ്ങള്‍ താമസിക്കുന്നിടത്തുനിന്ന് ബുഹാനിലേക്ക് 300 കിലോമീറ്ററിലധികമുണ്ട്. അവിടേക്ക് എങ്ങനെ പോകുമെന്ന് ഒരു വിവരവുമില്ല. റോഡുകളൊക്കെ ബ്ലോക്കാണ്. എയര്‍പോര്‍ട്ട് അടച്ചു. ട്രെയിന്‍ സര്‍വീസ് ഇല്ല. ടാക്‌സികള്‍ ഒന്നുമില്ല. അതിനാല്‍ ഒരിടത്തേക്കും യാത്ര ചെയ്യാനാവില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
Story Highlights: Corona virus infection,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here